തുടങ്ങിയത് പ്രാഥമിക സര്‍വേ; എതിര്‍പ്പ് മറികടക്കാന്‍ ബോധവത്കരണം

കോഴിക്കോട്: ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ പ്രാഥമികഘട്ടമായ സര്‍വേ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എതിര്‍പ്പ് മറികടക്കാന്‍ ബോധവത്കരണം നടത്തുമെന്നും ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്. ഭൂമി അളക്കാനുള്ള അവകാശം സര്‍ക്കാറിനുണ്ടെന്നും കുറഞ്ഞ വിലക്ക് പാചകവാതകം ലഭ്യമാക്കാന്‍ കൂടിയാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. ഭൂമി അളക്കാതെ പദ്ധതിയുടെ രൂപരേഖ തയാറാക്കാനാവില്ല. സര്‍വേ നടത്തിയാല്‍ മാത്രമേ ആരുടെയൊക്കെ ഭൂമിയിലൂടെയാണ് പൈപ്പ്ലൈന്‍ കടന്നുപോവുകയെന്ന് പറയാനാവൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എതിര്‍പ്പുണ്ടാക്കുകയാണ് ചിലരെന്നും അദ്ദേഹം വിശദീകരിച്ചു. പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തടസ്സം വരാതിരിക്കാന്‍ ഓണാവധിക്കു മുമ്പത്തെ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഓഫിസിലുണ്ടാവണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കിടപ്പുരോഗികള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കാനുള്ള പദ്ധതിക്കായി 20 പഞ്ചായത്തുകളും വടകര നഗരസഭയും മാത്രമാണ് വിവരങ്ങള്‍ നല്‍കിയതെന്ന് കലക്ടര്‍ പറഞ്ഞു. ശൗചാലയങ്ങള്‍ ഇല്ലാതെ കടമുറികളുടെ മുകളിലും മറ്റും ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്നത് പ്രദേശവാസികളുടെയും തൊഴിലാളികളുടെ തന്നെയും ആരോഗ്യത്തെ അതീവ ഗുരുതരമായി ബാധിക്കുന്നതായി ഇ.കെ. വിജയന്‍ എം.എല്‍.എ ചൂണ്ടിക്കാട്ടി. മുക്കം അങ്ങാടിയില്‍ വാഹനാപകടം മൂലം യാത്രക്കാര്‍ മരിക്കുന്നത് നിത്യസംഭവമായതിനാല്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുമെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ അറിയിച്ചു. കോഴിക്കോട് സൗത് നിയോജക മണ്ഡലത്തിലെ എരവത്തുകുന്ന് ടാങ്കിന്‍െറയും കോവൂര്‍ ടാങ്കിന്‍െറയും പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി ജപ്പാന്‍ കുടിവെള്ള പദ്ധതി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. അഴിയൂര്‍ സൂനാമി കോളനിയില്‍ കുടിവെള്ളം ലഭ്യമാക്കാന്‍ ജല അതോറിറ്റി സമര്‍പ്പിച്ച എസ്റ്റിമേറ്റിന് അംഗീകാരവും ഫണ്ടും ലഭ്യമാക്കേണ്ടതുണ്ടെന്ന് ഹൗസിങ് ബോര്‍ഡ് എന്‍ജിനീയര്‍ അറിയിച്ചു. വനംവകുപ്പ് ജണ്ട കെട്ടുന്നതു സംബന്ധിച്ച് കൂരാച്ചുണ്ട്, കാന്തലാട് വില്ളേജുകളില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തര്‍ക്കമുള്ളിടത്ത് മൂന്നു മാസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചതായി കോഴിക്കോട് ഡി.എഫ്.ഒ അറിയിച്ചു. മൊകേരി ഗവ. കോളജിന്‍െറ മരാമത്ത് പ്രവൃത്തികളെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പി.ഡബ്ള്യു.ഡി എന്‍ജിനീയര്‍ അറിയിച്ചു. യോഗത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ സി.കെ. നാണു, ഇ.കെ. വിജയന്‍, പി.ടി.എ. റഹീം, വി.കെ.സി. മമ്മദ് കോയ, ജോര്‍ജ് എം. തോമസ്, കാരാട്ട് റസാഖ്, മറ്റു ജനപ്രതിനിധികള്‍, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ എം.എ. ഷീല എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.