പ്ളാസ്റ്റിക് ഷീറ്റ് ഷെഡില്‍നിന്ന് മോചനം കാത്ത് ആഷ്ലിയും ദിനുവും

ബാലുശ്ശേരി: പ്ളാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ അടച്ചുറപ്പില്ലാത്ത ഷെഡില്‍നിന്ന് മോചനവും കാത്ത് ആഷ്ലിയും ദിനുവും. നന്മണ്ട മണ്ണാംപൊയില്‍ പറയരുകുന്നത്ത് ഷിബുവിന്‍െറ രണ്ടു പെണ്‍മക്കളടങ്ങുന്ന കുടുംബം ഈ കര്‍ക്കടകവും തള്ളിനീക്കിയത് ചോര്‍ന്നൊലിക്കുന്ന ഷെഡില്‍തന്നെ. കക്കോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 10ാം ക്ളാസില്‍ പഠിക്കുന്ന ആഷ്ലി കക്കോടി ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പഠിക്കുന്നത്. ഹോസ്റ്റലില്‍നിന്ന് മാസത്തിലൊരിക്കല്‍ വീട്ടിലേക്ക് വരാന്‍ ആഷ്ലിക്ക് ഇപ്പോള്‍ ആഗ്രഹമൊന്നുമില്ല. കൂട്ടുകാരികളെല്ലാം വീട്ടിലേക്ക് പോകുമ്പോഴും ആഷ്ലി ഹോസ്റ്റലില്‍തന്നെ തങ്ങാനാണ് ഇഷ്ടം. അടച്ചുറപ്പില്ലാത്ത വീട്ടില്‍ നാലാംക്ളാസുകാരി അനുജത്തി ദിനുവും അച്ഛനും അമ്മയും കഴിഞ്ഞുകൂടുന്നതിന്‍െറ ദുരിതക്കാഴ്ചകള്‍ കണ്ട് ഹോസ്റ്റലിലേക്കുതന്നെ മടങ്ങേണ്ട അവസ്ഥ ഓര്‍ക്കുമ്പോള്‍ വലിയ സങ്കടം തോന്നും എന്നതുതന്നെ കാരണം. ഷെഡിലെ അസൗകര്യം കാരണം ഷിബുവിന്‍െറ പിതാവ് ഗോവിന്ദന്‍കുട്ടി പലപ്പോഴും നന്മണ്ട 13 അങ്ങാടിയിലെ ഏതെങ്കിലും കട വരാന്തയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്. ഇക്കഴിഞ്ഞ ആഴ്ചയാണ് ഗോവിന്ദന്‍കുട്ടി മെഡി. കോളജ് ആശുപത്രിയില്‍ മരിച്ചത്. ബാലുശ്ശേരി അങ്ങാടിയില്‍ വളയും ചാന്തും കണ്‍മഷിയും പൊട്ടും വിറ്റുകിട്ടുന്ന വരുമാനമാണ് ഷിബുവിന്‍െറ ഏക ആശ്രയം. രണ്ടു പെണ്‍മക്കളടങ്ങുന്ന ഷിബുവിന്‍െറ കുടുംബത്തിന് മഴയും വെയിലുമേല്‍ക്കാതെ സുരക്ഷിതമായൊരു വീടിനായി ഇപ്പോള്‍ നാട്ടുകാരും രംഗത്തിറങ്ങിയിരിക്കുകയാണ്. പട്ടികവിഭാഗം ഭവന നിര്‍മാണ ഫണ്ടില്‍നിന്ന് ലഭിച്ച സഹായംകൊണ്ട് തറയും ഭാഗികമായി ചുമരും നിര്‍മിച്ചതല്ലാതെ മറ്റൊരു പണിയും നടത്താന്‍ കഴിഞ്ഞിട്ടില്ല. നിര്‍ധന കുടുംബത്തിന്‍െറ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും കൂട്ടായ്മയില്‍ പറയരുകുന്നത്ത് വീട് നിര്‍മാണ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ പേരില്‍ ബാലുശ്ശേരി കോഓപറേറ്റിവ് അര്‍ബന്‍ ബാങ്ക് ശാഖയില്‍ 0010303000010459 നമ്പറില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. IFSC No: IBKL 0114 BCU. ഫോണ്‍: 9847425358
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.