കൊടുവള്ളി മണ്ഡലം മുസ്ലിംലീഗിന് പുതിയ ഭാരവാഹികള്‍

കൊടുവള്ളി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിക്ക് ഭാരവാഹികളായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ കിഴക്കോത്ത് പഞ്ചായത്തിലെ പി.ഡി. അബ്ദുറഹിമാന്‍കുട്ടിയാണ് പ്രസിഡന്‍റ്. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ഓമശ്ശേരി സ്വദേശിയുമായ സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി, മടവൂര്‍ പഞ്ചായത്തിലെ മുഹമ്മദന്‍സ് എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. മുതിര്‍ന്ന എസ്.ടി.യു നേതാവും കൊടുവള്ളി പഞ്ചായത്തുകാരനുമായ അഡ്വ. വേളാട്ട് അഹമ്മദാണ് ജനറല്‍ സെക്രട്ടറി. കെ.എം. അഷ്റഫ് (താമരശ്ശേരി പഞ്ചായത്ത്), വി. ഇല്യാസ് (നരിക്കുനി പഞ്ചായത്ത്) എന്നിവര്‍ സെക്രട്ടറിമാരാണ്. പി.സി. അഹമ്മദ് ഹാജിയാണ് (കൊടുവള്ളി പഞ്ചായത്ത്) ട്രഷറര്‍. തിരുവമ്പാടി മണ്ഡലത്തിലെ കമ്മിറ്റികള്‍ തുടരാനാണ് തീരുമാനം. മടവൂര്‍ ഹംസ പ്രസിഡന്‍റും കാരാട്ട് റസാഖ് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ് കൊടുവള്ളി മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവന്നത്. ജില്ലാ, മണ്ഡലം നേതൃത്വവുമായി ഇടഞ്ഞ കാരാട്ട് റസാഖ് ഇടതുപാളയത്തിലേക്ക് പോവുകയും ജില്ലാ സെക്രട്ടറിയായിരുന്ന എം.എ. റസാഖിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തതോടെയാണ് വീഴ്ച സംഭവിച്ചതായി നേതൃത്വത്തിന് ബോധ്യപ്പെട്ടത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കൊടുവള്ളിക്കൊപ്പം തിരുവമ്പാടി മണ്ഡലം കമ്മിറ്റികളും പഞ്ചായത്ത് കമ്മിറ്റികളും പിരിച്ചുവിട്ടത്. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മാസങ്ങളായി നിലച്ചിരിക്കുകയായിരുന്നു. മണ്ഡലം കമ്മിറ്റി ഭാരവാഹികളെ സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കിയെങ്കിലും തിരുവമ്പാടി മണ്ഡലത്തിലെ ധാരണക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നതോടെ ഒൗദ്യോഗിക പ്രഖ്യാപനം വൈകുകയായിരുന്നു. കൊടുവള്ളി മണ്ഡലത്തില്‍ പുതിയ കമ്മിറ്റിക്ക് കുത്തഴിഞ്ഞുകിടക്കുന്ന കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. ഗ്രൂപ് തര്‍ക്കങ്ങളെല്ലാം മാറ്റിവെച്ച് ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളിലൂടെ നഷ്ടപ്പെട്ടുപോയ ലീഗിന്‍െറ മണ്ഡലത്തിലെ പ്രതാപം വീണ്ടെടുക്കണം. പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം ബുധനാഴ്ച കൊടുവള്ളി ലീഗ്ഹൗസില്‍ ചേര്‍ന്നു. മുന്‍ എം.എല്‍.എയായ വി.എം. ഉമ്മര്‍ മാസ്റ്ററെ മുസ്ലിംലീഗിന്‍െറ ജില്ലാ വൈസ് പ്രസിഡന്‍റായി നിയോഗിച്ചു. ഒഴിഞ്ഞുകിടന്ന ജില്ലാ ജനറല്‍ സെക്രട്ടറിയുടെ ചുമതല എന്‍.സി. അബൂബക്കറിനാണ് നല്‍കിയത്. ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടമായ എം.എ. റസാഖിനെ യു.ഡി.എഫിന്‍െറ ജില്ലാ കണ്‍വീനറായും നിര്‍ദേശിച്ചു. മണ്ഡലത്തിലെ പഞ്ചായത്ത്, നഗരസഭാ കമ്മിറ്റികളും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം പറയുന്നത്. നിലവിലെ കമ്മിറ്റികളെയും ആരോപണവിധേയരായവരെയും പൂര്‍ണമായി മാറ്റി പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള കമ്മിറ്റിയാവും വരികയെന്നാണ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.