ഈ സര്‍ക്കാര്‍ഭൂമി ഉപയോഗിക്കുമോ സര്‍ക്കാറേ?

കോഴിക്കോട്: വികസനം കൊണ്ടുവരാന്‍ സ്ഥലമില്ളെന്ന് പറയുന്ന സര്‍ക്കാറുകളെ നോക്കി ചിരിക്കുകയാകും ഗാന്ധിറോഡിലെ കേരള സോപ്സിന്‍െറ അധീനതയിലുണ്ടായിരുന്ന 3.37 ഏക്കര്‍ ഭൂമി. കാടുപിടിച്ച് മാലിന്യങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ സ്ഥലത്താണ് വര്‍ഷങ്ങള്‍ക്കു മുമ്പ് അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. 2009ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങുമെന്ന് പറഞ്ഞ പദ്ധതി അതിനുശേഷം വന്ന യു.ഡി.എഫ് സര്‍ക്കാറും പരിഗണിച്ചില്ല. കിന്‍ഫ്രയുടെയും ഇന്‍കെല്ലിന്‍െറയും സഹായത്തോടെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ആരംഭിക്കുമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും നടപടികളൊന്നും തുടങ്ങിവെക്കാതെയാണ് അവരും പടിയിറങ്ങിത്. പുതിയ സര്‍ക്കാറും ഇതിനെക്കുറിച്ച് ഒരു പരാമര്‍ശവും ഇതുവരെ നടത്തിയിട്ടുമില്ല. ഇപ്പോള്‍ കിന്‍ഫ്രക്കാണ് ഭൂമിയുടെ കൈവശാവകാശം. എന്നാല്‍, വ്യവസായ വകുപ്പില്‍ നിന്ന് അനുകൂല ശ്രമങ്ങള്‍ നടന്നാലെ പദ്ധതി ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. നഗരത്തിന്‍െറ ഹൃദയഭാഗത്ത് സര്‍ക്കാര്‍ ഭൂമി ഉപയോഗിക്കാതെ കിടക്കുമ്പോള്‍ സാമൂഹിക വിരുദ്ധര്‍ക്കും മാലിന്യം ഉപേക്ഷിക്കുന്നവര്‍ക്കും മാത്രമാണ് ഇതിന്‍െറ ഗുണം ലഭിക്കുന്നത്. സ്ഥലത്തിനു ചുറ്റും മതിലുകളുണ്ടെങ്കിലും ഗേറ്റ് ഇല്ലാത്തത് പലര്‍ക്കും രാത്രി സമയങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് കൂട്ടിയിടാന്‍ എളുപ്പമാകുന്നു.സര്‍ക്കാറിന്‍േറതടക്കമുള്ള പരിപാടികള്‍ നടത്തുന്നതിനുപോലും ഈ സ്ഥലം ഉപയോഗിക്കുന്നില്ല. ഗാന്ധിറോഡിലെ കേരള സോപ്സിന്‍െറ പഴയ കെട്ടിടം പൊളിച്ച് മാറ്റിയപ്പോഴായിരുന്നു പുതിയ പദ്ധതിയായി കണ്‍വെന്‍ഷന്‍ സെന്‍റര്‍ പ്രഖ്യാപിച്ചിരുന്നത്. കെട്ടിടത്തിലെ മരങ്ങളും മറ്റു വസ്തുക്കളും തുച്ഛമായ വിലയ്ക്കായിരുന്നു അന്ന് ലേലം ചെയ്തത്. 1914ല്‍ സ്ഥാപിതമായ കേരള സോപ് ആന്‍ഡ് ഓയില്‍ ലിമിറ്റഡ് 2002ല്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളയിലേക്ക് മാറ്റി കമ്പനി പുതിയ രൂപത്തില്‍ തിരിച്ചുവന്നു. എന്നാല്‍, പഴയ സ്ഥലം വിനിയോഗിക്കാന്‍ സര്‍ക്കാറിനായില്ല. ഗാന്ധിറോഡിലെ കണ്‍വെന്‍ഷന്‍ സെന്‍റര്‍ പരിഗണനയിലുണ്ടെന്ന് പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. കണ്‍വെന്‍ഷന്‍ സെന്‍ററിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ വ്യവസായ വകുപ്പിന് ഉടന്‍ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.