മരണമണി മുഴക്കി ടിപ്പറുകള്‍

കോഴിക്കോട്: വേഗപ്പൂട്ടും സമയക്രമവുമുണ്ടെങ്കിലും അധികൃതര്‍ക്ക് ടിപ്പറുകളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കാനാവുന്നില്ല. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ കരിങ്കല്‍ ക്വാറികളില്‍നിന്നും ക്രഷര്‍ യൂനിറ്റുകളില്‍ നിന്നുമുള്ള ലോറികള്‍ മരണഭീതിയുമായി കുതിച്ചുപായുകയാണ്. ഒരാഴ്ചക്കിടെ രണ്ടുപേരുടെ ജീവന്‍ കവര്‍ന്ന ടിപ്പറുകള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കാന്‍ അധികൃതര്‍ക്കായില്ല. മുക്കത്തും പരിസരങ്ങളിലും ഭീതി പടര്‍ത്തി ടിപ്പര്‍ ലോറികള്‍ കുതിച്ചുപായുമ്പോള്‍ പ്രായഭേദമന്യേ മനുഷ്യജീവനുകള്‍ നടുറോഡില്‍ പൊലിയുകയാണ്. സ്കൂള്‍ വിട്ട് പിതാമഹന്‍െറ കൂടെ സ്കൂട്ടറില്‍ വരികയായിരുന്ന തറോല്‍ ആസിഫിന്‍െറയും സജിനയുടെയും ഏകമകള്‍ ഫാത്തിഹ ജന്നയാണ് തിങ്കളാഴ്ച ടിപ്പറിടിച്ച് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മുക്കം പി.സി ജങ്ഷനില്‍ കാല്‍നടയാത്രക്കാരനായ വാവൂര്‍ സ്വദേശി വേലായുധന്‍െറ ജീവനും ടിപ്പര്‍ കവര്‍ന്നിരുന്നു. ഓവര്‍ ബോഡി ഘടിപ്പിച്ച വാഹനത്തില്‍ അധികലോഡുമായി പായുന്ന ഡ്രൈവര്‍മാര്‍ക്ക് കാക്കി യൂനിഫോറംപോലും ബാധകമല്ല. ക്ളീനര്‍മാരായിരിക്കും പലപ്പോഴും വാഹനമോടിക്കുകയെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ടിപ്പറുകളുടെ മരണപ്പാച്ചിലിനെതിരെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ മുക്കത്ത് ടിപ്പറുകള്‍ തടഞ്ഞിരുന്നു. സ്കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ റോഡിലിറക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. രാവിലെ ഒമ്പത് മുതല്‍ 10 വരെയും വൈകീട്ട് നാല് മുതല്‍ അഞ്ച് വരെയും ടിപ്പറുകള്‍ ഓടിക്കരുതെന്നാണ് നിയമമെങ്കിലും അത് പാലിക്കപ്പെടുന്നില്ല. ഓമശ്ശേരിയില്‍ രണ്ടാം ക്ളാസുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടം സ്കൂള്‍ വിട്ടയുടനെയായിരുന്നു എന്നത് ടിപ്പറുകളുടെ നിയമലംഘനം വ്യക്തമാക്കുന്നു. ബസുകളിലും ടിപ്പറുകളിലും ഡ്രൈവര്‍മാരായി എത്തുന്ന ചെറുപ്പക്കാര്‍ പലരും അമിതവേഗത്തിലും അശ്രദ്ധയോടെയുമാണ് വാഹനം ഓടിക്കുന്നത്. ഇതില്‍ പലര്‍ക്കും ഹെവി ലൈസന്‍സ് പോലുമില്ളെന്നാണ് പൊലീസ് അധികൃതര്‍ പറയുന്നത്. നാറ്റ്പാക്കിന്‍െറ പഠനമനുസരിച്ച് സംസ്ഥാനത്തെ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ടിപ്പറുകളില്‍നിന്നാണ്. ഹെവി വാഹനങ്ങളില്‍ വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് നിലവിലുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടുന്നില്ല. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് ഹാജരാക്കുമ്പോള്‍ വാടകക്കെടുക്കുന്ന ഉപകരണങ്ങര്‍ അത് കഴിഞ്ഞാല്‍ അഴിച്ചുവെക്കുകയാണ് പതിവ്. ബസുകള്‍, ട്രക്കുകള്‍, മിനി ബസുകള്‍, ലോറികള്‍ തുടങ്ങിയവക്കാണ് ഇത് ബാധകം. നിര്‍മാണഘട്ടത്തില്‍തന്നെ ഇത് ഘടിപ്പിച്ചു നല്‍കുകയോ അല്ളെങ്കില്‍ ഡീലര്‍ വശം എത്തുമ്പോള്‍ ഘടിപ്പിച്ചുനല്‍കുകയോ വേണം. കൂടാതെ ഈ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗമായി നിജപ്പെടുത്തിയിരിക്കുന്നു. കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് 60 കിലോമീറ്ററും. പൊലീസ് വാഹനങ്ങള്‍, തീ അണപ്പ് വാഹനങ്ങള്‍, ആംബുലന്‍സ് എന്നീ വാഹനങ്ങളെ ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ അപകടങ്ങള്‍ പെരുകിയതോടെ ടിപ്പറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.