വടകര: വീണ്ടുമൊരു കര്‍ഷകദിനം കടന്നുപോകുമ്പോള്‍ കടത്തനാടിന്‍െറ പഴയ പച്ചപ്പ് തിരിച്ചുപിടിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണുയരുന്നത്. നാടന്‍പാട്ടുകളുടെ ശീലുകള്‍ ഉയര്‍ന്നുകേട്ട വയലുകളും അധ്വാനത്തിന്‍െറ മഹത്ത്വം വിളിച്ചോതിയ തൊഴിലാളികളും നിറഞ്ഞുനിന്ന കാര്‍ഷിക പാരമ്പര്യം ഓര്‍മയായി. എങ്കിലും അടുത്തകാലത്തായി പച്ചപ്പിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ പലഭാഗത്തായി നടക്കുകയാണ്. ജൈവ പച്ചക്കറികൃഷിയുടെ വ്യാപനം ഇതിന്‍െറ തെളിവാണ്. തരിശുകിടന്ന പാടങ്ങളിലേറെയും കഴിഞ്ഞ വേനല്‍ക്കാലത്ത് പച്ചക്കറികൃഷി സജീവമായിരുന്നു. നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെട്ട മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂര്‍ ചിറ കഴിഞ്ഞ കുറച്ച് കാലത്തെ മരവിപ്പില്‍നിന്ന് മോചനം തേടുകയാണ്. ഇവിടെ ചെറിയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ വിജയകരമായ രീതിയില്‍ കൃഷി നടക്കുകയാണിപ്പോള്‍. നെല്‍കൃഷി ചെയ്യാതെ തരിശിടുന്ന കൃഷിഭൂമിയുടെ അളവ് വര്‍ഷംതോറും വര്‍ധിച്ചിട്ടും പുനരുജ്ജീവന പദ്ധതികളില്ലാത്തതാണ് ഈ മേഖലക്ക് തിരിച്ചടിയായത്. കൃഷിച്ചെലവ് വര്‍ധിക്കുന്നതും യന്ത്രവത്കരണമില്ലാത്തതും പുനരുജ്ജീവന പദ്ധതികള്‍ ആവിഷ്കരിക്കാത്തതുമാണ് കൃഷി നാമമാത്രമാകാനിടയാക്കിയത് എന്നാണ് പൊതു അഭിപ്രായം. വടകര നഗരസഭ, ഏറാമല, ഒഞ്ചിയം, ചോറോട്, മണിയൂര്‍, ആയഞ്ചേരി, തിരുവള്ളൂര്‍ പ്രദേശങ്ങളിലാണ് നെല്‍കൃഷി വ്യാപകമായുണ്ടായിരുന്നത്. പുഞ്ച, മകരം കൃഷിയായിരുന്നു ഇവിടങ്ങളില്‍ ചെയ്തിരുന്നത്. കൃഷിച്ചെലവ് വര്‍ധിച്ചതോടെ കര്‍ഷകരില്‍ ചിലര്‍ മുണ്ടകന്‍ കൃഷിയിലേക്ക് മാറി. എന്നാല്‍, അതും ഇപ്പോള്‍ ചെയ്യാനാകാത്ത സ്ഥിതിയാണ്. വളം, കൂലി, മറ്റ് അനുബന്ധച്ചെലവുകള്‍ എന്നിവ കര്‍ഷകര്‍ക്ക് താങ്ങാനാകുന്നതിലും അധികമാണ്. വേനലില്‍ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതും കൊയ്ത്തുകാലത്ത് കനാല്‍ വെള്ളം വയലിലത്തെുന്നതും നെല്ലുല്‍പാദനം കുറയാനിടയാക്കുന്നു. ചില പാടങ്ങളില്‍ പായല്‍ പടരുന്നതും അട്ടശല്യം കൂടിയതും കൃഷിച്ചെലവ് വര്‍ധിക്കാനിടയാക്കി. കൃഷിപ്പണിക്ക് ആവശ്യമായ തൊഴിലാളികളെ കിട്ടാത്ത അവസ്ഥ നിലനില്‍ക്കുന്നതും തിരിച്ചടിയായി. ഈ മേഖലയില്‍ മുമ്പ് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ കൂടുതല്‍ കൂലി ലഭിക്കുന്ന മറ്റു മേഖലയിലേക്ക് മാറി. തൊഴിലുറപ്പ് പദ്ധതി വന്നതോടെ സ്ത്രീതൊഴിലാളികളെ വയലിലെ ജോലിക്ക് കിട്ടാതായി. യുവതലമുറയിലെ തൊഴിലാളികള്‍ ഈ രംഗത്തേക്ക് വരാത്തതിനാല്‍ നാമമാത്രമായ പഴയകാല തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യിക്കേണ്ട സ്ഥിതിയാണ്. ഇതുകാരണം സമയത്തിന് ജോലി തീര്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പാടശേഖരസമിതികളുടെ നിര്‍ജീവാവസ്ഥയും പ്രയാസം സൃഷ്ടിക്കുന്നു. വിത്തും വളവും യഥാസമയത്ത് എത്തിക്കാനോ കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനോ സാധിക്കുന്നില്ല. ട്രാക്ടര്‍, കൊയ്ത്തുയന്ത്രം, മെതിയന്ത്രം എന്നിവ ലഭിക്കണമെങ്കില്‍ കര്‍ഷകര്‍ സ്വകാര്യ ഉടമകളെ തേടേണ്ട അവസ്ഥയാണ്. പഞ്ചായത്തുകള്‍ കൃഷിക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നെല്‍കൃഷി വികസനത്തിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും കൂടുതല്‍ തുക ഇതിനായി നീക്കിവെക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം. തൊഴിലുറപ്പ് തൊഴിലാളികളെ പാടങ്ങളിലെ ജോലികള്‍ക്ക് നിയോഗിക്കണമെന്നും ഇതുവഴി തൊഴിലാളിക്ഷാമം കുറക്കാന്‍ കഴിയുമെന്നുമുള്ള അഭിപ്രായം വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.