കോഴിക്കോട്: മിഠായിത്തെരുവില്‍ തീപിടിത്തമുണ്ടായ കെട്ടിടം പൊളിച്ചുമാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കുളം കല്‍പകത്തുപറമ്പില്‍ സജീവന്‍ (51), പേരാമ്പ്ര എരവട്ടൂര്‍ വിഷ്ണു (19) എന്നിവരെയാണ് വ്യാപാര സ്ഥാപനം തകര്‍ത്തതിന് അറസ്റ്റ് ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി. നസിറുദ്ദീന്‍െറ ഭാര്യ കെ.വി. ജുവൈരിയയുടെ കൈവശമുള്ള മിഠായിത്തെരുവിലെ ഹണീഹബീ റെഡിമെയ്ഡ് ഗാര്‍മെന്‍റ്സാണ് ഇവര്‍ ഭാഗികമായി പൊളിച്ചത്. മിഠായിത്തെരുവ് വൈരാഗിമഠത്തില്‍ സുമിത്രാണി മിശ്രയുടെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടം 2015ലെ തീപിടിത്തത്തില്‍ തകര്‍ച്ചാ ഭീഷണിയിലായിരുന്നു. കെട്ടിടം അനധികൃതമായി അറ്റകുറ്റപ്പണി നടത്തിയെന്നു കാണിച്ച് വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി, ഹനുമാന്‍ സേന തുടങ്ങിയ സംഘടനാ ഭാരവാഹികള്‍ നേരത്തേ കോര്‍പറേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച നഗരസഭാ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഉത്തരവ് ഇറക്കിയിരുന്നു. ടൗണ്‍ സി.ഐ കെട്ടിടം പൊളിക്കുന്നതു സംബന്ധിച്ച് ഇരുകക്ഷികളെയും ചര്‍ച്ചക്ക് വിളിച്ചു. ഇതിനിടെയാണ് അറസ്റ്റിലായ രണ്ടുപേരുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വന്ന് കെട്ടിടം പൊളിച്ചുതുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ ചൊവ്വാഴ്ച രാത്രി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.