നഗരസഭാ എന്‍ജിനീയറിങ് വിഭാഗത്തില്‍ പരിഷ്കാരം വരുന്നു

വടകര: നഗരസഭാ എന്‍ജിനീയര്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ പതിവു രീതികള്‍ക്ക് മാറ്റം വരുത്തുന്നു. ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍ അറിയിച്ചത്. കെട്ടിടനിര്‍മാണ പ്ളാനുമായി ബന്ധപ്പെട്ട ആവശ്യക്കാര്‍ നേരിട്ട് അതത് ഉദ്യോഗസ്ഥനെ സമീപിക്കുന്ന രീതിക്ക് മാറ്റം വരുത്തുകയാണ്. ഈ ഓഫിസിനു മുന്നിലായി ഫ്രണ്ട് ഓഫിസ് ആരംഭിക്കും. ആവശ്യക്കാര്‍ അപേക്ഷയുമായി അവിടെ ബന്ധപ്പെട്ടാല്‍ മതിയാവും. മൂന്നുമണിക്കുശേഷം മാത്രമേ ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥനെ കണ്ട് സംശയനിവാരണമോ മറ്റോ വരുത്താന്‍ അവസരം ലഭിക്കുകയുള്ളൂ. കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഫ്രണ്ട് ഓഫിസില്‍ സ്വീകരിക്കും. അപേക്ഷ സ്വീകരിച്ചശേഷം ഈടാക്കുന്ന ഭൂമി പരിശോധനാഫീസ് വേണ്ടെന്നുവെക്കും. ഇത്തരമൊരു ഫീസ് ഈടാക്കാമെന്ന് നേരത്തേയുള്ള കൗണ്‍സിലെടുത്ത തീരുമാനമാണ്. ഇതോടൊപ്പം ഭൂമി പരിശോധനക്ക് പോകുന്നതിനായി ആവശ്യക്കാര്‍ വാഹനം ഏര്‍പ്പാടുചെയ്യുന്ന രീതിയും അവസാനിപ്പിക്കുകയാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. നഗരസഭയുടെ വാഹനമാണ് ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത്. അല്ലാത്തപക്ഷം നഗരസഭയുടെ ചെലവില്‍ ടാക്സി വിളിക്കാം. കെട്ടിടനിര്‍മാണ നിയമാവലികളില്‍ വന്ന മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനും മറ്റുമായി 12ന് കൗണ്‍സില്‍ ഹാളില്‍ ക്ളാസ് നടക്കും. നിലവില്‍ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് മൂന്നുമാസത്തില്‍ കൂടുതല്‍ പഴക്കമുള്ള അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കുന്നതിനായി അദാലത്ത് നടത്തും. ഇതിനായുള്ള അപേക്ഷകള്‍ ഈമാസം 16വരെ സ്വീകരിക്കും. കേന്ദ്രസര്‍ക്കാറിന്‍െറ സ്വച്ഛ്ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. നിലവില്‍ 213 അപേക്ഷകളാണ് കക്കൂസ് നിര്‍മാണത്തിനായി ലഭിച്ചിട്ടുള്ളത്. ഈ ഉപഭോക്താക്കളുടെ യോഗം 12ന് വൈകീട്ട് മൂന്നിന് ദ്വാരക ഓഡിറ്റോറിയത്തില്‍ നടക്കും. പദ്ധതിയുമായി 40പേര്‍ കരാറിലായിരിക്കുകയാണ്. തീരപ്രദേശത്ത് കക്കൂസ് നിര്‍മാണത്തിന് സ്വച്ഛ്ഭാരത് പദ്ധതിപ്രകാരമുള്ള 10,000 രൂപയും ഫിഷറീസ് വകുപ്പിന്‍െറ കൈയില്‍ നിന്നു ലഭിക്കുന്ന തുകയും ഉപയോഗപ്പെടുത്തും. നിലവിലുള്ള കണക്കുപ്രകാരം നഗരസഭയിലെ 13വാര്‍ഡുകളില്‍ കക്കൂസില്ലാത്തവരില്ല. കച്ചവടസ്ഥാപന കെട്ടിടങ്ങള്‍ പലയിടത്തും ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളായിരിക്കുകയാണ്. ഇത്തരം സ്ഥലങ്ങളില്‍ പ്രാഥമികാവശ്യത്തിനുപോലും സൗകര്യമില്ല. ഇത്, പലതരം രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടാക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കുകളെടുക്കേണ്ടതും അനിവാര്യതയായിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനത്തില്‍ വാര്‍ഡ് തലത്തില്‍ കൗണ്‍സിലര്‍മാര്‍ തന്നെ മുന്‍കൈയെടുക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു. എല്ലാവിധ മാലിന്യങ്ങളും നീക്കംചെയ്യാന്‍ തീരുമാനമായതായും ഇതിന്‍െറ ചെലവിലേക്കായി വാര്‍ഡ് തലത്തില്‍ 17,000രൂപ സമാഹരിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.