ബാലുശ്ശേരി: സ്വകാര്യ ബസിനുവേണ്ടി കെ.എസ്.ആര്‍.ടി.സി വഴിതിരിച്ചുവിട്ട് സമയം പാഴാക്കിയെന്നാരോപിച്ച് യാത്രക്കാരും കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറും തമ്മില്‍ വാക്കേറ്റം. തൃശൂരില്‍നിന്ന് പൂഴിത്തോട്ടേക്ക് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് യാത്രക്കാരുടെ സമയംകെടുത്തി സ്വകാര്യ ബസുകള്‍ക്ക് സൗകര്യം കൊടുത്തതായി ആരോപണമുയര്‍ന്നത്. ചൊവ്വാഴ്ച വൈകീട്ട് 5.45ന് കോഴിക്കോട് മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍നിന്നെടുത്ത ബസ് എരഞ്ഞിപ്പാലം കാരപ്പറമ്പ് വഴി പോകാതെ മലാപ്പറമ്പ് വഴി തിരിച്ചുവിട്ടതാണ് യാത്രക്കാരെ പ്രകോപിപ്പിച്ചത്. സിവില്‍ സ്റ്റേഷന്‍ മലാപ്പറമ്പ് ഭാഗത്തെ ഗതാഗതക്കുരുക്കില്‍ അരമണിക്കൂറോളം കുടുങ്ങിയ ബസിലെ യാത്രക്കാര്‍ ഇതിനകം ഡ്രൈവര്‍ക്കെതിരെയും കണ്ടക്ടര്‍ക്കെതിരെയും തിരിഞ്ഞു. നടക്കാവിലത്തെിയപ്പോഴേക്കും ഡ്രൈവര്‍ക്ക് ഒരു ഫോണ്‍കാള്‍ വന്നെന്നും കാരപ്പറമ്പ് ഭാഗത്ത് ഗതാഗതക്കുരുക്കുണ്ടെന്നും ബസ് മലാപ്പറമ്പ് വഴി പോകണമെന്നുമായിരുന്നുവത്രെ ഫോണ്‍കാള്‍. എന്നാല്‍, ഇത് ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരുടെ കാളായിരുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. മാത്രമല്ല, കൂരാച്ചുണ്ട് ബാലുശ്ശേരി റൂട്ടിലെ മറ്റു സ്വകാര്യ ബസുകളെയും മുന്നില്‍ കടത്തിവിടാന്‍ കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ ബസ് വേഗം കുറച്ച് ഓടിക്കുകയായിരുന്നെന്നും യാത്രക്കാര്‍ ആരോപിച്ചു. ബാലുശ്ശേരിയിലത്തെിയപ്പോള്‍ ഒന്നര മണിക്കൂര്‍ കഴിഞ്ഞിരുന്നു. ക്ഷമയുടെ നെല്ലിപ്പടി കണ്ട യാത്രക്കാര്‍ ബാലുശ്ശേരിയില്‍വെച്ച് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ പ്രതിഷേധമുയര്‍ത്തിയതോടെ ബസ് വഴിക്കുവെച്ച് നിര്‍ത്തി ഡ്രൈവറും വാക്കേറ്റത്തിലേര്‍പ്പെടുകയായിരുന്നു. പുതുതായി സര്‍വിസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ബസിന് ജീവനക്കാര്‍തന്നെ പാര പണിയുകയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.