ജില്ലയില്‍ വിരഗുളിക നല്‍കുന്നത് 8,51,967 കുട്ടികള്‍ക്ക്

കോഴിക്കോട്: ദേശീയ വിരവിമുക്ത ദിനാചരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക് നിര്‍വഹിക്കുമെന്ന് ആരോഗ്യവകുപ്പധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ഗവ. മോഡല്‍ സ്കൂളിലാണ് പരിപാടി. ദിനാചരണത്തിന്‍െറ ഭാഗമായി 19 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് ആല്‍ബെന്‍റസോള്‍ ഗുളിക നല്‍കാനാണ് ദേശീയ ആരോഗ്യമന്ത്രാലയത്തിന്‍െറ നിര്‍ദേശം. ജില്ലയിലെ 1396 സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും 1657 അങ്കണവാടികളിലെയും ഡേ കെയര്‍ സെന്‍ററുകളിലെയും കുട്ടികള്‍ക്കുമായി ആകെ 8,51,967 കുട്ടികള്‍ക്കാണ് വിരഗുളിക നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികള്‍ക്കും സ്കൂളുകളില്‍നിന്ന് കൊഴിഞ്ഞുപോയവര്‍ക്കുമായി ആശാപ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി അങ്കണവാടികളില്‍ വെച്ച് നല്‍കും. മണ്ണിലൂടെ പകരുന്ന വിരരോഗം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയതലത്തില്‍ ഡിവേമിങ് ദിനാചരണം സംഘടിപ്പിക്കുന്നത്. വിരരോഗം കാരണമുണ്ടാവുന്ന വിളര്‍ച്ച, വളര്‍ച്ചക്കുറവ്, വിശപ്പില്ലായ്മ, ശാരീരികവും മാനസികവുമായ വികാസ വൈകല്യം തുടങ്ങിയ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണിത്. ബുധനാഴ്ച വിദ്യാലയങ്ങളിലത്തെുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുശേഷമാണ് ഗുളിക നല്‍കുക. ക്ളാസില്‍ ഹാജരാവാത്ത കുട്ടികള്‍ക്ക് ആഗസ്റ്റ് 17ന് നടക്കുന്ന മോപ്പപ്പ് റൗണ്ടില്‍ ഗുളിക നല്‍കും. ചവച്ചരച്ചാണ് ഗുളിക കഴിക്കേണ്ടത്. ചെറിയ കുട്ടികള്‍ക്ക് ഗുളിക പൊടിച്ച് വെള്ളത്തില്‍ അലിയിച്ച് നല്‍കും. ഫെബ്രുവരി, ആഗസ്റ്റ് മാസങ്ങളിലായി വര്‍ഷത്തില്‍ രണ്ടുതവണയാണ് ആല്‍ബെന്‍റസോള്‍ നല്‍കുന്നത്. വിരനിര്‍മാര്‍ജന ഗുളികകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സുരക്ഷിതവും പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്തതുമാണ്. ആരോഗ്യവിഭാഗം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹികക്ഷേമ വകുപ്പ് എന്നിവ ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍, സാമൂഹിക നീതി വകുപ്പ് ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് ജില്ലാതലത്തിലും ജനപ്രതിനിധികള്‍, സ്കൂള്‍ അധികൃതര്‍, ഐ.സി.ഡി.എസ്, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പഞ്ചായത്തുതലത്തിലും പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എസ്.എന്‍. രവികുമാര്‍ പറഞ്ഞു. സംസ്ഥാന ഐ.ഡി.എഫ്.സി കണ്‍വീനര്‍ ഡോ. ഉമര്‍ ഫാറൂഖ്, അഡീഷനല്‍ ഡി.എം.ഒ ഡോ. ജീജ, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. സരളനായര്‍, ജില്ലാ മാസ്മീഡിയ ഓഫിസര്‍ എം.പി. മണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.