കോഴിക്കോട്: ജില്ലാ ആശുപത്രികള്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളാക്കിമാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ‘വാക്സിനേഷന്‍ കുട്ടികളുടെ ജന്മാവകാശം, കരുത്തുറ്റ കൗമാരത്തിന് ആഴ്ചയില്‍ ഒരു അയണ്‍ ഗുളിക’ ഹ്രസ്വചിത്ര സീഡികള്‍ നടന്‍ മോഹന്‍ലാലിന് നല്‍കി പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അവര്‍. പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതി. ഇ-ഹെല്‍ത്ത് പദ്ധതി വഴി സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങളെ ബന്ധിപ്പിക്കും. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ഏത് ആശുപത്രിയിലും പ്രവേശിപ്പിച്ച രോഗികളുടെ വിവരങ്ങള്‍ ലഭ്യമാക്കാനാണ് ഇത്. കേരളത്തെ സമ്പൂര്‍ണ വാക്സിനേഷന്‍ നിര്‍വഹിച്ച സംസ്ഥാനമാക്കുകയും അതുവഴി ശിശുമരണ നിരക്ക് ഇല്ലാതായ സംസ്ഥാനമാക്കി മാറ്റുകയും ചെയ്യും. കേരളം പോലെ പരിഷ്കൃതമായ സമൂഹത്തില്‍ വാക്സിന്‍ കുത്തിവെപ്പ് എടുക്കാതെ കുട്ടികള്‍ മരിക്കുന്നു എന്നത് അപമാനമാണ്. ഇതിനായി ഇത് നിര്‍മിക്കുന്ന കമ്പനികളില്‍നിന്ന് പരമാവധി വാക്സിനുകള്‍ ശേഖരിച്ച് ഉപയോഗിക്കാനാണ് തീരുമാനം. കുത്തിവെപ്പിന് പിന്നില്‍ ചില മതസ്ഥരാണെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. ദേശീയ ആരോഗ്യ ദൗത്യം സി.ഡിറ്റിന്‍െറ സഹായത്തോടെയാണ് ചിത്രം നിര്‍മിച്ചത്. ഇമ്യൂണൈസേഷന്‍ മൊബൈല്‍ ആപ്ളിക്കേഷന്‍ പ്രവര്‍ത്തന ആരംഭവും മന്ത്രി നിര്‍വഹിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. താന്‍മാത്രമല്ല, സിനിമയുമായി ബന്ധപ്പെട്ട ആരെയും ഇത്തരം കാര്യങ്ങള്‍ക്ക് സഹകരിപ്പിക്കാന്‍ താന്‍ മുന്നില്‍ നില്‍ക്കാം. സര്‍ക്കാറിന്‍െറ നിരവധി പരിപാടികളുമായി താന്‍ സഹകരിച്ചിട്ടുണ്ട്. എന്നാല്‍, പല പരിപാടികള്‍ക്കും തുടര്‍ച്ച ഉണ്ടാകുന്നില്ളെന്ന് താന്‍ ആലോചിച്ചിട്ടുണ്ട്. അത് മാറണം. ആരോഗ്യ-ശുചിത്വ മേഖലയില്‍ വലിയ വിപ്ളവം ഉണ്ടാവേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു. ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന അഡ്മിനിസ്ട്രേറ്റര്‍ ഉദയ സിംഹന്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.