മാരക കളനാശിനി പ്രയോഗം: നടപടിക്കൊരുങ്ങി അധികൃതര്‍

മാവൂര്‍: വയലുകളിലും കൃഷിഭൂമിയിലും കളകളും പുല്‍പ്പടര്‍പ്പുകളും കുറ്റിക്കാടുകളും ഉണക്കിക്കളയുന്നതിന് മാരക കളനാശിനി ഉപയോഗിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തില്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. നിരോധിച്ച കളനാശിനിയാണ് ഉപയോഗിക്കുന്നതെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഹരിദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഏത് കളനാശിനിയാണ് ഉപയോഗിക്കുന്നതെന്ന് അന്വേഷിച്ച് ഇതുസംബന്ധിച്ച ഉത്തരവുകള്‍ പരിശോധിച്ച് നടപടിയെടുക്കും. കളനാശിനി ഉപയോഗിക്കുന്നതായി വ്യാപക പരാതിയുള്ള ഗ്രാമപഞ്ചായത്തുകളിലെ കൃഷി ഓഫിസര്‍മാരില്‍നിന്ന് വിവരം തേടിയിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം പരാതി ഉയര്‍ന്നതിനെതുടര്‍ന്ന് ഈ വര്‍ഷം ഇത്തരം കളനാശിനി ഉപയോഗിക്കുന്നത് പൂര്‍ണമായും നിരുത്സാഹപ്പെടുത്തിയിട്ടുണ്ടെന്നാണ് കൃഷി ഓഫിസര്‍ നല്‍കിയ വിവരം. അവിടെ അഗ്രോ സര്‍വിസ് സെന്‍ററില്‍നിന്ന് തൊഴിലാളികളെ വിട്ടുനല്‍കി കളപറിച്ചുകളയുകയാണ് ചെയ്യുന്നത്. മാവൂര്‍, പെരുവയല്‍ അടക്കമുള്ള മറ്റു പഞ്ചായത്തുകളില്‍ കളനാശിനി നിരുത്സാഹപ്പെടുത്തിയുള്ള ബോധവത്കരണവും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മാവൂരിലും സമീപ പഞ്ചായത്തുകളിലും മാരക കളനാശിനി ഉപയോഗിക്കുന്നതായ പരാതി കിട്ടിയിട്ടുണ്ടെന്നും കളനാശിനി പ്രയോഗംമൂലം ജീവജാലങ്ങള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഡി.എഫ്.ഒ സുനില്‍കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കളനാശിനി പ്രയോഗത്തിനെതിരെ നടപടിയെടുക്കാന്‍ വനംവകുപ്പിന് പ്രയാസമുണ്ട്. കളനാശിനി പ്രയോഗിക്കുന്നത് തടയേണ്ടത് കൃഷി വകുപ്പാണ്. അതിനാല്‍ ഇതുസംബന്ധിച്ച് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫിസറുമായി ചര്‍ച്ച നടത്തിയതായും ഡി.എഫ്.ഒ പറഞ്ഞു. കളനാശിനിക്കെതിരെ പ്രകൃതിമിത്ര സിറ്റിസണ്‍ കണ്‍സര്‍വേറ്റര്‍ ദാമോദരന്‍ കോഴഞ്ചേരിയും ചില പരിസരവാസികളും ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. മത്സ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ജീവഹാനിക്കും പരിസരവാസികള്‍ക്കും തൊഴിലാളികള്‍ക്കും രോഗങ്ങള്‍ പിടിപെടാനും ഇടയാക്കുമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.