ഇറക്കാന്‍ ചരക്കില്ല: വെസ്റ്റ്ഹില്‍ ഗുഡ്സ് ഷെഡ് യാര്‍ഡ് തൊഴിലാളികള്‍ പ്രതിസന്ധിയില്‍

കോഴിക്കോട്: ഇറക്കാന്‍ ചരക്കില്ലാത്തതിനാല്‍ തൊഴില്‍രഹിതരായി ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് വെസ്റ്റ്ഹില്‍ റെയില്‍വേ ഗുഡ്സ് ഷെഡ് യാര്‍ഡിലെ ജീവനക്കാര്‍. ഗുഡ്സ് വാഗണുകളുടെ വരവ് കുറഞ്ഞതോടെയാണ് ഗുഡ്സ് ഷെഡ് യാര്‍ഡില്‍ പണിയെടുക്കുന്ന 321 തൊഴിലാളികള്‍ക്കാണ് മാസങ്ങളായി പണിയില്ലാതായത്. സിമന്‍റ് ചരക്കടങ്ങിയ വാഗണുകള്‍ വെസ്റ്റ്ഹില്ലില്‍ ഇറക്കാതെ കല്ലായിയിലേക്ക് പോകുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വ്യാപാരികള്‍ വാഗണുപകരം ലോറിയെ ആശ്രയിച്ചതോടെ പണി വീണ്ടും കുറഞ്ഞു. കല്ലായിയിലെ ഗുഡ്സ് യാര്‍ഡിനേക്കാള്‍ കൂടുതല്‍ സൗകര്യമുള്ളതാണ് വെസ്റ്റ്ഹില്ലിലെ യാര്‍ഡ്. 42 വാഗണുകല്‍ നിര്‍ത്തിയിട്ട് ചരക്കിറക്കാനുള്ള വിശാലമായ സൗകര്യം ഇവിടെയുണ്ട്. ആവശ്യത്തിന് ഗോഡൗണില്ളെന്ന കാരണം പറഞ്ഞ് സിമന്‍റ് ചരക്കുകള്‍ കല്ലായിയിലേക്ക് കൊണ്ടുപോകുകയാണ്. കല്ലായിയില്‍ ഗുഡ്സ് ഷെഡിലേക്കുള്ള ട്രാക് ഒഴിവില്ളെങ്കില്‍കൂടി വെസ്റ്റ്ഹില്ലില്‍ ചരക്കിറക്കാത്ത അവസ്ഥയാണ്. കോഴിക്കോട്ടേക്കുള്ള സിമന്‍റ്, ഗോതമ്പ്, അരി, വളം എന്നിവയടങ്ങിയ വാഗണുകളാണ് വെസ്റ്റ്ഹില്ലിലേക്ക് വരുന്നത്. ഗോതമ്പ്, അരി വാഗണുകള്‍ വല്ലപ്പോഴുമാണ് വരാറുള്ളത്. സിമന്‍റ് വാഗണുകളാണ് പ്രധാനമായും എത്താറുള്ളത്. മൊത്തവ്യാപാരിക്കായി എത്തുന്ന ചരക്ക് ഇവിടെ ഇറക്കിയശേഷമാണ് വ്യാപാരസ്ഥാപനങ്ങളിലേക്ക് മാറ്റുന്നത്. ചരക്ക് ഏത് യാര്‍ഡില്‍ ഇറക്കാമെന്നത് ഉടമക്ക് തീരുമാനിക്കാവുന്നതിനാല്‍ വ്യാപാരികള്‍ മനസ്സുവെച്ചാല്‍ മാത്രമേ തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകൂവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇപ്പോള്‍ ആഴ്ചയില്‍ ഒരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ മാത്രമാണ് സിമന്‍റ് വാഗണ്‍ വെസ്റ്റ്ഹില്ലില്‍ എത്തുന്നത്. നിലവില്‍ വെസ്റ്റ്ഹില്ലില്‍ പണി കുറഞ്ഞതോടെ 30ഓളം തൊഴിലാളികള്‍ ഓരോ മാസവും മാറി മാറി വെസ്റ്റ്ഹില്ലില്‍നിന്ന് കല്ലായിയിലെ യാര്‍ഡില്‍ പണിക്കു പോകുന്നുണ്ട്. പരമാവധി 42 വാഗണ്‍വരെയാണ് ഒരു ചരക്കുട്രെയിനിലുണ്ടാകുക. ഒരു വാഗണില്‍ 50 കിലോയുടെ 1270 സിമന്‍റ് ചാക്കുകളും ഉണ്ടാകും. ഒരു ചാക്കിന് 3.95 രൂപയാണ് ചുമട്ടുതൊഴിലാളിക്ക് ലഭിക്കുന്നത്. ഈ മാസം ഇതുവരെ ഒരു തവണ മാത്രമാണ് സിമന്‍റ് വാഗണ്‍ ഇവിടേക്ക് എത്തിയത്. പണിയില്ലാതായതോടെ ഇവിടെ തൊഴിലെടുക്കുന്നവര്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. കല്ലായിയെ പരിഗണിക്കുന്നതിനൊപ്പം വെസ്റ്റ്ഹില്ലിലും ചരക്കിറക്കാന്‍ സന്നദ്ധമായാലേ പ്രശ്നം പരിഹരിക്കാനാകൂ. രണ്ടു സ്ഥലത്തെയും തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പ്രതിസന്ധി പരിഹരിക്കണമെന്നും ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ് ഇടപെടണമെന്നുമാണ് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി, ബി.എം.എസ്, എസ്.ടി.യു തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള കോഓഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.