വടകര: ദേശീയപാത വകുപ്പിന്‍െറ പ്രവൃത്തികള്‍ കണ്ടാല്‍ എത്തും പിടിയും കിട്ടില്ല. ഒരു ഭാഗത്ത് പാതവികസനത്തിനായി യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വേ നടത്തുന്നു. മറുവശത്ത് നിലവിലുള്ള പാതയില്‍ നാളിതുവരെയില്ലാത്ത വികസനപ്രവൃത്തികള്‍ നടത്തുന്നു. ഇതോടെ, ഇത്തരം പ്രവൃത്തി അഴിമതിക്ക് വഴിവെക്കുന്നവയാണെന്ന ആക്ഷേപം ശക്തമാവുകയാണ്. ഭൂമി ഏറ്റെടുക്കുന്ന മുറക്ക് പാതനിര്‍മാണം സമയബന്ധിതമായി നടത്തുമെന്ന് സര്‍ക്കാറും പറയുന്നു. ഇതിനിടയിലാണ് നിലവിലുള്ള പാതയില്‍ അധികൃതര്‍ ലക്ഷങ്ങള്‍ ചെലവിട്ട് പ്രവൃത്തികള്‍ നടത്തുന്നത്. വടകര ദേശീയപാതയില്‍ ഉയരമുള്ള പ്രദേശങ്ങളില്‍ ഇരുമ്പുവേലി കഴിഞ്ഞ ദിവസമാണ് സ്ഥാപിച്ചത്. ഏറെ അപകട സാധ്യതയുള്ള ഇത്തരം സ്ഥലങ്ങളില്‍ ഇരുമ്പുവേലി വേണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. എന്നാല്‍, നിലവിലുള്ള പാതക്ക് ആയുസ്സ് കുറഞ്ഞിരിക്കെ ലക്ഷങ്ങള്‍ ചെലവിട്ട് ഇരുമ്പുവേലി സ്ഥാപിക്കുന്നത് നാട്ടുകാരില്‍ സംശയമുണര്‍ത്തുന്നു. ചോറോട് ദേശീയപാതയിലാണ് ഇരുമ്പുവേലി സ്ഥാപിച്ചത്. പാതയോരത്തെ പെരുവന വയലിലേക്കുള്ള വഴി അനുവദിച്ചുകൊണ്ടാണ് തുടക്കത്തില്‍ വേലി സ്ഥാപിച്ചത്. ഇത്, തര്‍ക്കത്തിനിടയാക്കിയിരുന്നു. വയല്‍ നികത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ സമരം തുടരുന്ന പെരുവന വയലിലേക്ക് വഴി അനുവദിച്ചതിനെതിരെ പരാതി വന്നതിനെ തുടര്‍ന്നാണ് വിവാദമുണ്ടായത്. വയല്‍ നികത്തി പ്രദേശത്ത് വെള്ളപ്പൊക്കത്തിനു കാരണക്കാരായ സ്വകാര്യവ്യക്തികള്‍ക്ക് അനുകൂല നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നായിരുന്നു ആക്ഷേപം. ഇതോടെ, ഇരുമ്പുവേലി സ്ഥാപിക്കുന്ന ജോലി തടസ്സപ്പെടുത്തി. ഇവിടെയുണ്ടായിരുന്ന കോണ്‍ക്രീറ്റ് കുറ്റികള്‍ പിഴുതുമാറ്റിയാണിപ്പോള്‍ വേലി സ്ഥാപിച്ചത്. ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ ഇരുമ്പുവേലി സ്ഥാപിച്ചപ്പോള്‍ വഴിവിട്ട് സഹായിക്കുന്നുവെന്നാണ് ആക്ഷേപം. എന്നാല്‍, വയലിന്‍െറ ഉടമസ്ഥര്‍ അവിടേക്ക് വഴി അനുവദിച്ച രേഖയുണ്ടെന്ന് അറിയിച്ച സാഹചര്യത്തിലാണ് ആ ഭാഗങ്ങള്‍ ഒഴിച്ചിട്ടതെന്നും പിന്നീട് രേഖകള്‍ ഹാജരാക്കാത്ത സാഹചര്യത്തില്‍ ഇരുമ്പുവേലി സ്ഥാപിക്കുകയായിരുന്നുവെന്നും ദേശീയപാത വിഭാഗം പറയുന്നു. അഴിയൂര്‍ ദേശീയപാതയില്‍ അടുത്തിടെയാണ് ബസ്ബേകള്‍ നിര്‍മിച്ചത്. അഴിയൂര്‍ ചുങ്കം, അഴിയൂര്‍ ചെക്പോസ്റ്റ്, അഴിയൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്‍വശം, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലാണ് ബസ്ബേ നിര്‍മിച്ചത്. ഇതിനായി 22 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്നറിയുന്നു. എത്രയും വേഗം പൊളിച്ചുനീക്കേണ്ടിവരുന്ന പാതയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നടത്തുന്ന പ്രവൃത്തികള്‍ വിമര്‍ശം ക്ഷണിച്ചുവരുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.