പെട്ടിക്കടകള്‍ ഇനിയും മേയര്‍ ഭവനിറങ്ങിയില്ല

കോഴിക്കോട്: ഒരു കൊല്ലത്തിലേറെയായി മേയര്‍ ഭവനില്‍ കൊണ്ടിട്ട പെട്ടിക്കടകള്‍ ഉപഭോക്താക്കളെ കാത്തിരുന്ന് മഴയും വെയിലുമേറ്റ് തകരുന്നു. സുസ്ഥിര നഗരവികസന പദ്ധതിയില്‍ തൊഴില്‍ സംരംഭകര്‍ക്ക് നല്‍കാനായി എത്തിച്ച ഒമ്പത് ഇരുമ്പ് കടകളാണ് മേയറും ഭരണവുമൊക്കെ മാറിയിട്ടും ഭരിക്കുന്നവരുടെ മൂക്കിനുതാഴെ നശിക്കുന്നത്. മൊബൈല്‍ കാര്‍ട് എന്ന പേരില്‍ നഗരത്തില്‍ കച്ചവടത്തിനായി തയാറാക്കിയ പെട്ടിക്കടകളാണ് കാലങ്ങളായി വെറുതെ കിടക്കുന്നത്. എ.ഡി.ബി സഹായത്തോടെയുള്ള സുസ്ഥിര നഗരവികസന പദ്ധതിയുടെ പോവര്‍ട്ടി സോഷ്യല്‍ ഫണ്ട് ഉപയോഗിച്ചാണ് പെട്ടിക്കടകള്‍ അനുവദിച്ചത്. പദ്ധതിയില്‍ 16 കടകളാണ് ഉപഭോക്താക്കളെ കണ്ടത്തെി വിതരണത്തിന് തയാറായത്. കഴിഞ്ഞ കൗണ്‍സിലിന്‍െറ കാലത്തായിരുന്നു നടപടികള്‍. അതിനും മുമ്പുള്ള കൗണ്‍സില്‍ കാലത്താണ് ഉപഭോക്താക്കളെ കണ്ടത്തെിയത്. കുറെയെണ്ണം മുന്‍ ഭരണസമിതിക്കാലത്ത് തന്നെ വിതരണം ചെയ്തു. എന്നാല്‍, ഒമ്പതെണ്ണത്തിന് ഉപഭോക്താക്കള്‍ ഇനിയുമത്തെിയില്ല. ബാങ്കുകളില്‍നിന്നും മറ്റും ഫയലുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസമാണ് ഇത്രയുമെണ്ണം മൂലക്കാകാന്‍ കാരണമെന്ന് ആരോപണമുണ്ട്. സുസ്ഥിര നഗരവികസന പദ്ധതിയുടെ ഓഫിസ് എല്ലാ നടപടികളും പൂര്‍ത്തിയായിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ക്ക് വായ്പ ശരിയാകുന്നതടക്കമുള്ള കാര്യങ്ങളിലുണ്ടായ താമസമാണ് പ്രശ്നമെന്നുമാണ് അധികൃതര്‍ പറയുന്നത്. കടയുടെ മൊത്തം ചെലവിന്‍െറ 25 ശതമാനം പദ്ധതിയില്‍ സബ്സിഡി നല്‍കുകയാണ് ചെയ്യുന്നത്. ഒരുലക്ഷത്തിലേറെ രൂപ വരുന്ന കടക്ക് 28,000 രൂപയാണ് സബ്സിഡി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനം തയാറാക്കിയ പെട്ടിക്കടയില്‍ വാഷ്ബേസിനടക്കം അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സാധനത്തിന് വില കൂടിയതിനനുസരിച്ച് സബ്സിഡിയുടെ ശതമാനം കൂട്ടാത്തതിനാല്‍ ഉപഭോക്താക്കള്‍ക്ക് താല്‍പര്യം കുറഞ്ഞതും പ്രശ്നമാണ്. തകര്‍ന്നുതുടങ്ങിയ പെട്ടിക്കട വാങ്ങാന്‍ എത്ര പേര്‍ തയാറാകുമെന്നും കണ്ടറിയണം. ആവശ്യക്കാര്‍ക്ക് പെട്ടെന്ന് അനുവദിച്ചുകൊടുത്തിരുന്നെങ്കില്‍ ഏറെ കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമായിരുന്ന പദ്ധതിയാണ് പാതിവഴിയിലായത്. ഉപഭോക്താക്കള്‍ എത്തിയാല്‍ നിര്‍മിച്ച സ്ഥാപനവുമായുണ്ടാക്കിയ കരാര്‍പ്രകാരം അറ്റകുറ്റപ്പണി നടത്തി വിതരണം ചെയ്യാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.