നഗരത്തിലെ അറവ് മുഴുവന്‍ ബ്രഹ്മഗിരിയിലാക്കാന്‍ ആലോചന

കോഴിക്കോട്: ആധുനിക അറവുശാല തുടങ്ങാനുള്ള മാതൃക തേടി കോഴിക്കോട് നഗരസഭാ സംഘം ബത്തേരിയില്‍ സന്ദര്‍ശനം നടത്തി. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശകിന്‍െറയും ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി. ബാബുരാജിന്‍െറയും നേതൃത്വത്തിലാണ് സംഘം ചൊവ്വാഴ്ച മുന്‍ എം.എല്‍.എ പി. കൃഷ്ണപ്രസാദ് ചെയര്‍മാനായ സുല്‍ത്താന്‍ ബത്തേരിയിലെ ബ്രഹ്മഗിരി മലബാര്‍ മീറ്റ് ഡെവലപ്മെന്‍റ് സൊസൈറ്റി നന്ദര്‍ശിച്ചത്. 14 ഏക്കര്‍ സ്ഥലമുള്ള സൊസൈറ്റിയുടെ നാല് ഏക്കറിലുള്ള ആധുനിക അറവുശാലയാണ് പരിശോധിച്ചത്. മലബാറിലെ മുഴുവന്‍ ജില്ലകളിലേക്കും മാംസം തയാറാക്കി നല്‍കാന്‍ ശേഷിയുള്ളതാണ് അറവുശാല. കൃഷിക്കാര്‍ തന്നെ വളര്‍ത്തിനല്‍കുന്ന ആടുമാടുകളെയും കോഴികളെയുമാണ് ഇവിടെ ഭൂരിഭാഗവും ഉപയോഗിക്കുന്നത്. നഗരത്തിലെ കച്ചവടക്കാര്‍ക്ക് മുഴുവന്‍ ആവശ്യമുള്ളവിധം മുറിച്ച മാംസം നല്‍കാന്‍ സൊസൈറ്റി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കച്ചവടക്കാര്‍ക്ക് മികച്ച ലാഭവും നല്‍കാനാകും. കോര്‍പറേഷന്‍ ആധുനിക അറവുശാല പണിയാന്‍ സ്ഥലം കണ്ടത്തെിയ കോതിയില്‍ രണ്ടേക്കര്‍ സ്ഥലമുണ്ടെങ്കിലും പരിസരവാസികളുടെ പ്രതിഷേധം ശക്തമാണ്. അറവുശാലയല്ല ഫുട്ബാള്‍ സ്റ്റേഡിയമാണ് വേണ്ടതെന്നാണ് ആവശ്യം. ബത്തേരിയില്‍ സമീപവാസികള്‍ക്ക് അറവുശാലകൊണ്ട് പ്രയാസമില്ളെന്ന് സംഘത്തിന് ബോധ്യപ്പെട്ടെങ്കിലും കോഴിക്കോട്ടെ പ്രതിഷേധത്തിന്‍െറ സാഹചര്യത്തിലാണ് കോര്‍പറേഷന്‍ ബദല്‍ സംവിധാനങ്ങള്‍ ആരാഞ്ഞത്. വയനാട്ടില്‍നിന്ന് മാംസം എത്തിക്കുന്ന കാര്യം നഗരസഭാ കൗണ്‍സിലിലും വ്യാപാരികളുമായും ചര്‍ച്ചചെയ്യാനാണ് തീരുമാനം. നഗരത്തില്‍ നടക്കുന്ന ആടുമാടുകളുടെ അറവുകളെല്ലാം ഇപ്പോള്‍ നിയമപ്രകാരം അനധികൃതമാണ്. പ്രത്യേക മൃഗഡോക്ടറും മറ്റ് ആധുനിക ശുചിത്വ സംവിധാനവുമുള്ള അറവുശാലയില്‍ മാത്രമേ കശാപ്പുനടത്താന്‍ പാടുള്ളൂവെന്നാണ് ചട്ടം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നല്‍കിയ ഹരജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതി നഗരത്തിലെ അറവും മാംസവില്‍പനയും നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ആധുനിക അറവുശാല ഉടന്‍ പണിയുമെന്ന കോര്‍പറേഷന്‍ ഉറപ്പിന്മേല്‍ അതുവരെയുള്ള താല്‍ക്കാലിക സംവിധാനമെന്ന നിലക്കാണ് ഇപ്പോള്‍ മാംസക്കച്ചവടം തുടരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.