കോഴിക്കോട്: ലൈസന്‍സോ മറ്റ് രേഖകളോ ഇല്ലാതെ അനധികൃത കുടിവെള്ള വിതരണം കൊഴുക്കുമ്പോള്‍ സര്‍ക്കാറിന് ദിനേന നഷ്ടമാവുന്നത് ലക്ഷങ്ങള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കിണറുകളില്‍നിന്നും ജലസ്രോതസ്സുകളില്‍നിന്നും മറ്റും നിര്‍ബാധം ജലം ഊറ്റി വ്യാവസായികമായി വില്‍പന നടത്തുന്നുണ്ടെങ്കിലും ഇതിനെതിരെ കര്‍ശനനടപടി പോയിട്ട് കൃത്യമായ കണക്കുകള്‍ പോലും സര്‍ക്കാര്‍ വകുപ്പുകള്‍ക്കില്ല. നഗരത്തില്‍ 15ഓളം കുടിവെള്ള സ്രോതസ്സുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുള്ളതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ലൈസന്‍സില്ലാത്ത സ്ഥലങ്ങളില്‍നിന്നും ജലം ഊറ്റി വില്‍പന നടത്തുന്നുണ്ടാവാം എന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ലൈസന്‍സുള്ള സ്ഥലങ്ങളില്‍നിന്ന് തന്നെ, യാതൊരു കണക്കുമില്ലാതെയാണ് വെള്ളം ഊറ്റുന്നത്. സി.ഡബ്ള്യു.ആര്‍.ഡി.എം, ഭൂഗര്‍ഭജല വിഭാഗം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കേണ്ടതെങ്കിലും ഇതൊന്നും ഇല്ലാതെയാണ് ലൈസന്‍സ് ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്. പ്രതിവര്‍ഷം രണ്ടായിരം രൂപയാണ് ലൈസന്‍സിന് അടക്കേണ്ടത്. ഈ തുകക്ക് ലക്ഷങ്ങളാണ് ജല വില്‍പനക്കാര്‍ നേടുന്നത്. ഗ്രാമപ്രദേശങ്ങളിലെ സ്ഥിതി കൂടുതല്‍ ദയനീയമാണ്. ഇവിടെ ഗ്രാമപഞ്ചായത്തുകളോ മുനിസിപ്പാലിറ്റി അധികൃതര്‍ക്കോ ലൈസന്‍സ് സംബന്ധിച്ച് വിവരങ്ങള്‍ തന്നെ അറിയില്ല. അതേക്കുറിച്ച് പഠിച്ച് വരികയാണെന്നാണ് വിശദീകരണം. കോര്‍പറേഷന്‍ അധികൃതരുടെയും ഇതേക്കുറിച്ചുള്ള അറിവും സമാനമാണ്. ഇതിനിടെ, മുക്കം മുനിസിപ്പാലിറ്റിയിലെ കച്ചേരിയില്‍ ഒരു കിണറ്റില്‍നിന്ന് നിയന്ത്രണമില്ലാതെ വെള്ളം ഊറ്റുന്നത് സംബന്ധിച്ച പരാതിയെ തുടര്‍ന്ന്, ഇത് സംബന്ധിച്ച് ഉടമക്ക് നോട്ടീസ് നല്‍കാനുള്ള നീക്കത്തിലാണ് മുനിസിപ്പാലിറ്റി. പുഴകളില്‍നിന്നും കുളങ്ങളില്‍നിന്നും മറ്റുമുള്ള വെള്ളമാണ് കുടിവെള്ളമായി വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്നത്. ചാത്തമംഗലം പഞ്ചായത്തില്‍ ഇരുവഞ്ഞിപ്പുഴയില്‍നിന്നും കൊടുവള്ളിയില്‍ പൂനുര്‍പുഴയില്‍നിന്നും വെള്ളം ലോറികളില്‍നിറച്ച് വീടുകളില്‍ എത്തിക്കുന്നതായും പരാതികള്‍ ഉയര്‍ന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ മുഴാപ്പാലത്ത് സ്വകാര്യവ്യക്തിയുടെ കുളം കെട്ടി കിണറാക്കി നിരന്തരം വെള്ളം ലോറിയില്‍ കടത്തുകയാണ്. സൈറ്റില്‍നിന്ന് 12000 ലിറ്റര്‍ വെള്ളം 800 രൂപക്കാണ് വില്‍ക്കുന്നത്. എന്നാല്‍, രണ്ടിരട്ടിയോളം അധികം രൂപക്കാണ് ഇത് വില്‍ക്കുന്നത്. കൃത്യമായ നടപടികള്‍ ഇല്ലാത്തതിനാല്‍ മണല്‍മാഫിയ പോലെ ജലമാഫിയയും കൊഴുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.