വിദ്യാര്‍ഥിനിയുടെ മരണം: മനുഷ്യാവകാശ കമീഷന്‍ ഇടപെടണമെന്ന് ആവശ്യം

മേപ്പയൂര്‍: കര്‍ണാടകയിലെ തുമകൂരു സിദ്ധാര്‍ഥ മെഡിക്കല്‍ കോളജില്‍ എം.ഡി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന വാല്യക്കോട് സ്വദേശി ഡോ. നിലീന ചന്ദ്രന്‍െറ അപകട മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യമുയരുന്നു. ഹോളി ആഘോഷത്തിന്‍െറ മറവില്‍ മദ്യപിച്ച് അമിത വേഗതയില്‍ ബൈക്കോടിച്ചുവന്ന അതേ കോളജിലെ രണ്ട് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ നിലീന സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. 21 ദിവസം വെന്‍റിലേറ്ററില്‍ രാമയ്യ മെഡിക്കല്‍ കോളജില്‍ കിടന്ന ഡോ. നിലീനയുടെ ജീവനുവേണ്ടി കണ്ണീരുമായി കഴിഞ്ഞ മാതാപിതാക്കളെ സന്ദര്‍ശിക്കാനോ ആശ്വസിപ്പിക്കാനോ കോളജ് അധികൃതരോ അപകടത്തിന് കാരണക്കാരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോ എത്തിയിരുന്നില്ല. കോളജ് കാമ്പസിനകത്ത് നടന്ന അപകട മരണമായിട്ടും കോളജ് അധികാരികള്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നീതിക്കുവേണ്ടി എല്ലാ വാതിലുകളും മുട്ടുമെന്നും ഇനി ഒരു രക്ഷിതാവിനും ഒരു കുട്ടിക്കും ഇത്തരം ദുരനുഭവമുണ്ടാകാതിരിക്കാനാണ് താനിതിന് മുതിരുന്നതെന്നും മരണപ്പെട്ട ഡോ. നിലീനയുടെ പിതാവ് റിട്ട. അധ്യാപകന്‍ ചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു. ഡോ. നിലീനയുടെ മരണത്തിനുത്തരവാദിയായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മനുഷ്യാവകാശ കമീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് മേപ്പയൂര്‍ ഗവ. ഹൈസ്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. ഡോ. നിലീന ചന്ദ്രന്‍െറ അകാല നിര്യാണത്തില്‍ മേപ്പയൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റാഫ് യോഗം അനുശോചിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.