കോഴിക്കോട്: കക്കയത്തെ ഹൈഡല്‍ ടൂറിസം പദ്ധതിക്ക് കീഴിലെ ബോട്ടിങ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള ഭൂപ്രദേശം വനംവകുപ്പിന്‍േറതാണെന്ന് കലക്ടര്‍ എന്‍. പ്രശാന്തിന്‍െറ ഉത്തരവ്. സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശത്തെച്ചൊല്ലി വൈദ്യുതിവകുപ്പും വനംവകുപ്പും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ നിര്‍ദേശപ്രകാരം കലക്ടര്‍ ഇരുകക്ഷികളെയും പങ്കെടുപ്പിച്ച് നടത്തിയ തെളിവെടുപ്പിലാണ് പദ്ധതിപ്രദേശം ഉള്‍ക്കൊള്ളുന്ന ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ 283.8585 ഹെക്ടര്‍ ഭൂമിയുടെ അവകാശി വനംവകുപ്പാണെന്ന് കലക്ടര്‍ ഉത്തരവിട്ടത്. കെ.എസ്.ഇ.ബിയുടെ ഘടകവിഭാഗമായ കേരള ഹൈഡല്‍ ടൂറിസം സെന്‍റര്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് കക്കയം ഡാം പ്രദേശത്ത് ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി മലബാര്‍ ഹേവ്ന്‍ എന്ന പേരില്‍ ബോട്ടിങ് സെന്‍ററുള്‍പ്പെടെ പദ്ധതികളാരംഭിച്ചത്.എന്നാല്‍, കക്കയം ഡാമിന്‍െറ റിസര്‍വോയര്‍ ഉള്‍ക്കൊള്ളുന്ന പ്രദേശം മലബാര്‍ വൈല്‍ഡ്ലൈഫ് സാങ്ച്വറിയില്‍ ഉള്‍പ്പെട്ടതാണെന്നും 1972ലെ വന്യജീവി സംരക്ഷണനിയമം, 1980ലെ വന സംരക്ഷണനിയമം എന്നിവ പ്രകാരം എല്ലാ ടൂറിസം പരിപാടികളും നിര്‍ത്തിവെക്കണമെന്നുമാവശ്യപ്പെട്ട് കോഴിക്കോട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ തിരുവനന്തപുരത്തെ ഹൈഡല്‍ ടൂറിസം സെന്‍റര്‍ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് ചോദ്യംചെയ്ത് ഹൈഡല്‍ ടൂറിസം സെന്‍റര്‍ ഡയറക്ടര്‍ ഫയല്‍ ചെയ്ത റിട്ട് ഹരജി പരിഗണിച്ചാണ് ഇരുവിഭാഗങ്ങളില്‍നിന്ന് വാദംകേട്ട് തീരുമാനമെടുക്കാന്‍ ഹൈകോടതി കലക്ടറെ ചുമതലപ്പെടുത്തിയത്. ഇരുവിഭാഗവും ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച കലക്ടര്‍ വനംവകുപ്പിന് അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു. മലബാര്‍ വൈല്‍ഡ്ലൈഫ് സാങ്ച്വറിയില്‍പെട്ട വനഭൂമിയെന്ന നിലയില്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍െറ അനുമതിയില്ലാതെ ഇവിടെ നടക്കുന്ന ഹൈഡല്‍ ടൂറിസം പദ്ധതികള്‍ ഉടന്‍ നിര്‍ത്തിവെക്കാനും കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. കക്കയം പ്രദേശത്ത് ബോട്ടിങ് ഉള്‍പ്പെടെ നിയമങ്ങള്‍ക്ക് വിധേയമായി വനംവകുപ്പിന് നടത്താമെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.