നാദാപുരം: ടൗണിലെ കുടിവെള്ളം മുട്ടിച്ച് ഗ്രാമ പഞ്ചായത്ത് വക കിണറുകള്‍ ഉപയോഗശൂന്യമായി. വടകര റോഡില്‍ വലിയ ജുമാമസ്ജിദിന് മുന്‍വശത്തെ കിണറും കുറ്റ്യാടി റോഡില്‍ രജിസ്ട്രാര്‍ ഓഫിസിന് മുന്‍വശത്തെ കിണറുമാണ് മലിനമായത്. ആവശ്യത്തിന് വെള്ളമിരിക്കെയാണ് ഇവ രണ്ടും മലിനമാക്കി ആര്‍ക്കും ഉപകരിക്കാതായത്. ഇരു കിണറുകളിലും പ്ളാസ്റ്റിക് മാലിന്യങ്ങളും ചളിയും നിറഞ്ഞതാണ് ജലം മലിനമാകാന്‍ കാരണം. ടൗണിലെ ഹോട്ടലുകാരും കച്ചവടസ്ഥാപനങ്ങളും ശുദ്ധജലം ശേഖരിക്കുന്നതിന് ആശ്രയിച്ചിരുന്നത് ഈ കിണറുകളെയായിരുന്നു. ടൗണില്‍ തലശ്ശേരി റോഡില്‍ സ്വകാര്യ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു കിണര്‍ മാലിന്യനിക്ഷേപകേന്ദ്രമാക്കിയതിന് പിന്നാലെ ഏതാനും വര്‍ഷം മുമ്പ് മണ്ണിട്ടുനികത്തിയിരുന്നു. വേനല്‍ കടുത്തതോടെ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് പ്രദേശത്ത് നേരിടുന്നത്. ഹോട്ടലുകാര്‍ ഇപ്പോള്‍ കാശ് കൊടുത്ത് ടിപ്പറുകളില്‍ വെള്ളമത്തെിക്കുകയാണ്. വടകര റോഡിലെ കിണര്‍ ജലം പൂര്‍ണമായും എണ്ണമയമായി കുഴമ്പുരൂപത്തിലാണുള്ളത്. വര്‍ഷങ്ങളായി വേണ്ടവിധം ശുദ്ധീകരിക്കാതിരിക്കുകയും മാലിന്യം തള്ളുന്നത് തടയാന്‍ ഇരുമ്പ് നെറ്റിടാതിരിക്കുകയും ചെയ്തതാണ് ഈ കിണര്‍ ഉപയോഗശൂന്യമാകാന്‍ കാരണം. ഇവിടെനിന്ന് ബസ്സ്റ്റാന്‍ഡിലെ മൂത്രപ്പുരയിലേക്കും കക്കൂസിലേക്കും വെള്ളമടിച്ചിരുന്നതും ഇപ്പോള്‍ നിര്‍ത്തി. അതേസമയം, കിണറിന് ചുറ്റുമതിലും സംരക്ഷണഭിത്തിയും നിര്‍മിച്ച് സിമന്‍റ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും സംഘടനകള്‍ക്കും പ്രചാരണ പോസ്റ്ററുകള്‍ ഒട്ടിക്കുന്നതിന് സൗകര്യമായത് മാത്രമാണ് മിച്ചം. അധികൃതര്‍ അവഗണിക്കുകയും അനങ്ങിയാല്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങുന്ന യുവജന സംഘടനകള്‍ പ്രതികരിക്കാതിരിക്കുകയും ചെയ്തതാണ് ടൗണിലെ ശുദ്ധജല സ്രോതസ്സുകളായ കിണറുകള്‍ നശിക്കാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.