വടകര: പഴയ ബസ്സ്റ്റാന്‍ഡില്‍ സ്ഥാപിച്ച രണ്ട് ഇ-ടോയ്ലറ്റുകളും പ്രവര്‍ത്തനം നിലച്ച് സ്ഥലം മുടക്കുകയാണിപ്പോള്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഇ-ടോയ്ലറ്റുകളാണ് പ്രവര്‍ത്തനം തുടങ്ങി മൂന്നര വര്‍ഷത്തിനുള്ളില്‍തന്നെ ഉപേക്ഷിക്കപ്പെട്ട നിലയിലായത്. ഈ കാലയളവിനുള്ളില്‍ ഇവ പ്രവര്‍ത്തിച്ചത് അഞ്ചുമാസം മാത്രം. കേടുപാടുകള്‍തന്നെയാണ് പ്രധാനപ്രശ്നം. തിരുവനന്തപുരത്തെ ഇറാം സയന്‍റിഫിക് എന്ന സ്ഥാപനവും കെല്‍ട്രോണും ചേര്‍ന്നാണ് ഇ-ടോയ്ലറ്റുകള്‍ സ്ഥാപിച്ചത്. നാണയമിട്ട് ആവശ്യക്കാര്‍ക്ക് സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന ഇതിന്‍െറ കേടുപാടുകള്‍ തീര്‍ക്കാനുള്ള ചുമതല ഇറാം സയന്‍റിഫിക്കിനാണ്. പ്രവര്‍ത്തനം നിലക്കുമ്പോള്‍ നാട്ടുകാര്‍ ഇവരെ വിളിച്ചറിയിക്കും. ആദ്യമൊക്കെ കൃത്യമായി അവിടെനിന്ന് ആളത്തെി തകരാറ് പരിഹരിക്കുമായിരുന്നു. എന്നാലിപ്പോള്‍ എത്രവിളിച്ചാലും പ്രതികരണമില്ല. സ്ഥിരമായി വെള്ളം ലഭിക്കാത്തതാണ് ഇ-ടോയ്ലറ്റ് കേടാകാന്‍ കാരണമെന്നാണ് നിര്‍മാതാക്കളുടെ വാദം. പൊതു പൈപ്പ്ലൈനില്‍നിന്നാണ് വെള്ളം ലഭ്യമാക്കിയിരിക്കുന്നത്. ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കിട്ടിയാലായി. വെള്ളം ശേഖരിക്കാനായി സ്ഥാപിച്ചിരിക്കുന്ന ടാങ്കാണെങ്കില്‍ തീരെ ചെറുതുമാണ്. ദിവസവും വെള്ളം ലഭിക്കാതെ ഈ ആധുനിക ടോയ്ലറ്റ് പ്രവര്‍ത്തിക്കുകയില്ല. 10 ലക്ഷം രൂപ മുടക്കിയാണ് രണ്ട് ഇ-ടോയ്ലറ്റുകള്‍ നിര്‍മിച്ചത്. വെള്ളമത്തെിക്കാനായി അരലക്ഷം രൂപയുടെ അനുബന്ധ പദ്ധതിക്കും രൂപം നല്‍കി. ഇതിന് തുകയും മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍, നഗരസഭ ഇക്കാര്യത്തില്‍ തുടര്‍നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഇതിനോട് ചേര്‍ന്നുള്ള നഗരസഭയുടെ പഴയ മൂത്രപ്പുരയുടെ സ്ഥിതിയും പരിതാപകരമാണ്. മൂത്രപ്പുര മാത്രമല്ല അതിന്‍െറ പരിസരവും മലമൂത്രവിസര്‍ജനത്താല്‍ മലിനമാണ്. മൂക്കുപൊത്തിയേ ഇതുവഴി നടക്കാന്‍ കഴിയൂ. 10 വര്‍ഷം മുമ്പ് ജനകീയാസൂത്രണ പദ്ധതിയില്‍പെടുത്തി തുടക്കമിട്ട പച്ചക്കറി ശേഖരണ- വിപണന കേന്ദ്രമാണ് പിന്നീട് മൂത്രപ്പുരയായി മാറ്റിയത്. മൂത്രപ്പുരയില്‍നിന്നുള്ള മാലിന്യം ശേഖരിക്കാനുള്ള ടാങ്ക് ശാസ്ത്രീയമായല്ല നിര്‍മിച്ചിരിക്കുന്നത്. പാറക്കുള്ളില്‍ കുഴിതുരന്ന് അതിനുമേല്‍ കോണ്‍ക്രീറ്റ് സ്ളാബിട്ടാണ് ടാങ്ക് പണിതത്. അടിവശം പാറയായതിനാല്‍ വെള്ളം താഴില്ല. സെപ്റ്റിക് ടാങ്ക് സാങ്കേതികവിദ്യയും സ്വീകരിച്ചിട്ടില്ല. അതിനാല്‍, ടാങ്ക് പെട്ടെന്ന് നിറയുകയും മാലിന്യം പൊട്ടി പുറത്തേക്ക് ഒഴുകുകയും ചെയ്യും. മഴക്കാലമാകുന്നതോടെ ഈ പ്രശ്നം രൂക്ഷമാകും. ഇതിനു പുറമെയാണ് മൂത്രപ്പുരക്കു ചുറ്റുമുള്ള പരിസരത്തെ മലമൂത്ര വിസര്‍ജനം. മൂത്രപ്പുരയുണ്ടെങ്കിലും ഒരുവിഭാഗം ആള്‍ക്കാര്‍ മൂത്രപ്പുരക്കു പിന്നിലുള്ള തുറന്ന സ്ഥലത്താണത്തെുന്നത്. ഇതിനാല്‍ ചുറ്റുപാടും കൂടുതല്‍ മലിനമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.