പൊക്കുന്നിലെ ഫ്ളാറ്റ് നിര്‍മാണം: ഉടമകളുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്

കോഴിക്കോട്: ജനസാന്ദ്രതയുള്ള പ്രദേശത്ത് ബഹുനില ഫ്ളാറ്റ് നിര്‍മിക്കാനുള്ള കെ.ടി.സി-പി.വി.എസ് ഗ്രൂപ്പിന്‍െറ നിലപാടില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും റെസിഡന്‍റ്സ് അസോസിയേഷനുകളുടെയും ആഭിമുഖ്യത്തില്‍ ഫ്ളാറ്റുടമകളുടെ ആഴ്ചവട്ടത്തെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. പൊക്കുന്നിലെ പി.വി.എസ് ഫ്ളാറ്റ് നിര്‍മാണത്തിനെതിരായ നാട്ടുകാരുടെ സമരത്തില്‍ പങ്കെടുക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്നെന്ന് ആരോപിച്ചായിരുന്നു ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്. സമാധാനപരമായ സമരത്തെ കെ.ടി.സിയുടെ സാമ്പത്തിക-സാമൂഹിക ബന്ധങ്ങള്‍ ദുരുപയോഗം ചെയ്ത് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് വിലപ്പോകില്ളെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. മണല്‍മാഫിയാ സംഘങ്ങളുടെയും മറ്റും ഒത്താശയോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനാണ് ഫ്ളാറ്റുടമകള്‍ ശ്രമിക്കുന്നത്. സമാധാനപരമായി സമരം നടത്തിയിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍ക്കുനേരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗം നടത്തുന്നത് നീതീകരിക്കാനാകില്ല. നിര്‍മാണസ്ഥലത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച മണല്‍മാഫിയാ സംഘങ്ങളുടെ വാഹനം തടഞ്ഞവര്‍ക്കെതിരെ പൊലീസ് കള്ളക്കേസ് എടുക്കുകയാണ്. ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള നിയമപാലകര്‍ വിളിച്ചുചേര്‍ത്ത പരിഹാരശ്രമങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും ധിക്കാരസമീപനം സ്വീകരിക്കുകയും ചെയ്യുന്ന ഫ്ളാറ്റുടമകള്‍ക്കെതിരെ സര്‍ക്കാര്‍ നിയമനടപടി സ്വീകരിച്ചില്ളെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. മാര്‍ച്ചിന് ശേഷം നടന്ന പൊതുയോഗം കൗണ്‍സിലര്‍ കെ.ടി. ബീരാന്‍കോയ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കല്‍ കമ്മിറ്റി മെംബര്‍ പി. ബിജുലാല്‍, മുസ്ലിംലീഗ് കിണാശ്ശേരി ടൗണ്‍ സെക്രട്ടറി സക്കീര്‍ കിണാശ്ശേരി, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജന. സെക്രട്ടറി കെ.പി. മന്‍സൂര്‍, ഐ.എന്‍.എല്‍ സംസ്ഥാന കമ്മിറ്റി അംഗം എന്‍.കെ. അബ്ദുല്‍ അസീസ്, എസ്.ഡി.പി.ഐ നിയോജക മണ്ഡലം കമ്മിറ്റി അംഗം ആബിദ്, വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് അബ്ദുല്ല അന്‍സാരി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എന്‍.എം. ഷിംന, കെ.സജ്ജാദ്, കെ.കെ. നൂറുദ്ദീന്‍ എന്നിവര്‍ സംസാ രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.