കക്കോടി: മൃതദേഹങ്ങളോടും മനുഷ്യരോടും ആദരവുകാട്ടിയ പീറ്ററിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ എത്തിയത് നിരവധി പേര്‍. പൂളാടിക്കുന്ന് ജങ്ഷനിലെ കടത്തിണ്ണയില്‍ ആരോരുമില്ലാതെ ദിവസങ്ങളായി സ്വന്തം വിസര്‍ജ്യത്തില്‍ കിടന്ന് മരണത്തോട് മല്ലടിച്ച് ജീവിതം തള്ളിനീക്കിയ പീറ്ററിന്‍െറ ദുരിതകഥ കഴിഞ്ഞദിവസം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാണാനും കേള്‍ക്കാനും പറ്റാത്ത പേക്കഥകളില്‍ നാട് നടുങ്ങുമ്പോഴും മനസ്സിനെ ആര്‍ദ്രമാക്കുന്ന ചില നന്മകളും നല്ലവരും നാട്ടിലവശേഷിക്കുന്നുവെന്നതിന്‍െറ തെളിവാണ് മരണമുഖത്തു കഴിഞ്ഞ പീറ്ററിനെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ഉത്സാഹം കാട്ടിയവരുടെ പ്രവര്‍ത്തനങ്ങള്‍. ജോലിയോടും മനുഷ്യരോടും ആത്മാര്‍ഥത കാട്ടിയ പീറ്ററിനെ സ്വീകരിക്കാന്‍ നിരവധി സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരുമാണ് മുന്നോട്ടുവന്നത്. വിവരമറിഞ്ഞത്തെിയ പൊലീസ് പീറ്ററിനെ കോഴിക്കോട് ബീച്ചാശുപത്രിയിലത്തെിക്കുകയായിരുന്നു. വാര്‍ത്ത കേട്ട് ആദ്യമത്തെിയ നരിക്കുനിയിലെ ജീവകാരുണ്യ സംഘടനയായ ‘അത്താണി’യാണ് പീറ്ററിനെ ഏറ്റെടുക്കുന്നത്. ബീച്ചാശുപത്രിയില്‍ നിരീക്ഷണ വാര്‍ഡായ 50ല്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് പീറ്ററിനെ. 20 വര്‍ഷം മുമ്പ് തമിഴ്നാട്ടിലെ തേനിയില്‍നിന്നത്തെിയ പീറ്റര്‍ പൂളാടിക്കുന്നിലെയും സമീപപ്രദേശങ്ങളിലെയും ജോലിക്കാരനായിരുന്നു. സത്യസന്ധതകൊണ്ടും പെരുമാറ്റംകൊണ്ടും മിക്ക വീടുകളിലെയും പരിചയക്കാരനുമായിത്തീര്‍ന്നിരുന്നു ഇദ്ദേഹം. കുറച്ചുദിവസം മുമ്പുണ്ടായ വീഴ്ചയെ തുടര്‍ന്ന് കടത്തിണ്ണയില്‍ എഴുന്നേല്‍ക്കാന്‍പോലും കഴിയാതെ ഈച്ചയും ഉറുമ്പും പൊതിഞ്ഞു ദൈന്യാവസ്ഥയില്‍ കിടക്കുകയായിരുന്നു. വിശപ്പറിയിക്കാന്‍പോലും പറ്റാതെ കിടന്ന പീറ്ററിനു സമീപം തങ്ങളുടെ മനസ്സമാധാനത്തിന് പലരും ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നു. എഴുന്നേറ്റിരുന്ന് അതൊന്ന് കഴിക്കാന്‍പോലും പറ്റാതിരുന്നതിനാല്‍ പഴകി മണത്തുകിടക്കുകയായിരുന്നു. കിടക്കുന്ന ഓരോ ദിവസവും മരണത്തോടടുക്കുകയാണെന്ന് പറയുകയല്ലാതെ പീറ്ററിനെ ഏറ്റെടുക്കാനോ പരിചരിക്കാനോ ആരും തയാറായിരുന്നില്ല. പി. അബ്ദുല്‍ ഖാദറിന്‍െറയും എന്‍ജിനീയര്‍ അബൂബക്കറിന്‍െറയും നേതൃത്വത്തിലുള്ള ‘അത്താണി’ പീറ്ററിനെ ഏറ്റെടുത്തത് പുണ്യകര്‍മമാണെന്നു പറഞ്ഞ് ആശ്വസിക്കുകയാണ് പ്രദേശവാസികള്‍. ചൊവ്വാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് നരിക്കുനിയിലേക്ക് കൊണ്ടുപോകുമെന്ന് ‘അത്താണി’യുടെ ഭാരവാഹികളായ സി.പി. അബ്ദുല്‍ ഖാദറും ടി. മുഹമ്മദലിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.