കെ.എസ്.ആര്‍.ടി.സി കെട്ടിടസമുച്ചയത്തിന് ശാപമോക്ഷം

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കരാറുകാര്‍ക്ക് വിട്ടുനല്‍കാന്‍ ഹൈകോടതി ഉത്തരവ്. മുക്കം ആസ്ഥാനമായ മാക് അസോസിയേറ്റ്സിന് മൂന്നു മാസത്തിനകം കെട്ടിടസമുച്ചയം കൈമാറണമെന്നാണ് ഉത്തരവ്. 2015 ഒക്ടോബര്‍ 13ന് നടത്തിയ ടെന്‍ഡറിലാണ് കരാര്‍ ഉറപ്പിച്ചത്. നേരത്തേ മൂന്നുതവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും ആദ്യ രണ്ടിലും ആരും പങ്കെടുത്തില്ല. മൂന്നാമത്തേതില്‍ ഒരാള്‍ മാത്രമായതിനാല്‍ നടപടി റദ്ദാക്കി. തുടര്‍ന്ന് കെ.ടി.ഡി.എഫ്.സി നാലാമത് വിളിച്ച ടെന്‍ഡറിലാണ് 50 കോടി രൂപ അഡ്വാന്‍സും 50 ലക്ഷം മാസവാടകക്കും മൂന്നുവര്‍ഷം കൂടുമ്പോള്‍ 10 ശതമാനം വീതം വാടകവര്‍ധനവിലും കരാര്‍ ഉറപ്പിച്ചത്. വ്യവസ്ഥപ്രകാരം ഈ ഫെബ്രുവരി 15ന് പ്രൊവിഷനല്‍ അലോട്മെന്‍റ് ലെറ്റര്‍ കെ.ടി.ഡി.എഫ്.സി കൈമാറിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 26ന് ആദ്യഗഡു അടച്ചു. എന്നാല്‍, കോംപ്ളക്സിന്‍െറ പണി പൂര്‍ത്തീകരിക്കാത്തതിനാലും ഫയര്‍ എന്‍.ഒ.സി ലഭിച്ച് കെട്ടിടത്തിന് നമ്പര്‍ നല്‍കാത്തതിനാലും മാക് അധികൃതര്‍ ഹൈകോടതിയെ സമീപിച്ചു. കെട്ടിടത്തിന്‍െറ പണി പൂര്‍ത്തീകരിച്ച് നമ്പറിട്ട് നല്‍കുമ്പോള്‍ ബാക്കി തുക അടച്ച് നിയമാനുസൃതം ലഭ്യമാക്കണമെന്നായിരുന്നു ഹരജി. ടെന്‍ഡര്‍ റദ്ദാക്കരുതെന്നും കാലതാമസത്തിന്‍െറ പേരില്‍ കരാറുകാരില്‍നിന്ന് ഒരു നഷ്ടവും ഈടാക്കരുതെന്നും ഹൈകോടതി നിര്‍ദേശിച്ചതായി മാക് അസോസിയേറ്റ്സ് മാനേജിങ് ഡയറക്ടര്‍ കെ.വി. മൊയ്തീന്‍കോയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനേജിങ് പാര്‍ട്ണര്‍ അബ്ദുല്‍ കലാം ഹാജി, മാനേജര്‍ കെ. ശശിധരന്‍ തുടങ്ങിയവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.