ഇടമഴ പെയ്തില്ല; കിണറുകള്‍ വറ്റി

കൊയിലാണ്ടി: ഒരുതുള്ളി മഴപോലും പെയ്യാതെ മീന മാസവും കടന്നുപോയതോടെ മേഖലയില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടം തുടങ്ങി. തുലാമഴ പെയ്തുകഴിഞ്ഞാല്‍ പിന്നെ വേനലില്‍ ഇടമഴയാണ് കുടിവെള്ളത്തിന് ആശ്രയം. ഇടമഴയില്‍ കിണറുകളില്‍ വെള്ളം കയറും. ഈ തവണ അത് അട്ടിമറിഞ്ഞു. മഴ ലഭിച്ചില്ളെന്നു മാത്രമല്ല കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ഇരിങ്ങല്‍ ബ്രാഞ്ച് കനാലില്‍ നിന്നുള്ള വെള്ളവും പലയിടങ്ങളിലും മുടങ്ങി. ഇത് കുടിവെള്ളക്ഷാമം തീവ്രമാക്കി. കനാല്‍ ജലം തുറന്നുവിട്ടാല്‍ സമീപത്തെ കിണറുകളില്‍ വെള്ളം കയറും. ഇപ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളും കടലോര പ്രദേശങ്ങളും കുടിവെള്ളത്തിന് ഉഴലുകയാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് മലയോര മേഖലയിലുള്ളവര്‍ കുടിവെള്ളം ശേഖരിക്കുന്നത്. കടലോര മേഖലയില്‍ വെള്ളത്തിന് ക്ഷാമമില്ളെങ്കിലും ഉപ്പിന്‍െറ ആധിക്യം മൂലം കിണര്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തീരദേശത്ത് ശുദ്ധജലമത്തെിക്കാന്‍ പല പദ്ധതികളും ആവിഷ്കരിച്ചിരുന്നുവെങ്കിലും ഒന്നും പൂര്‍ണത പ്രാപിച്ചില്ല. കനത്ത ചൂടില്‍ ദാഹജലം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ജനം. എല്ലാവരും തെരഞ്ഞെടുപ്പ് ചൂടില്‍ മുഴുകിയപ്പോള്‍ കുടിവെള്ളക്ഷാമം വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നു. കുടിക്കാനും കുളിക്കാനും വസ്ത്രങ്ങള്‍ അലക്കാനുമൊക്കെ പാടുപെടുകയാണ് പല ഭാഗങ്ങളിലും ജനം. വിഷു കഴിഞ്ഞിട്ടും മഴ വരുന്ന ലക്ഷണമൊന്നും കാണുന്നുമില്ല. ഇനിയും എത്രനാള്‍ ഇങ്ങനെ കഴിയുമെന്ന ആശങ്കയില്‍ കഴിയുകയാണ് ജലദൗര്‍ലഭ്യം നേരിടുന്നവര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.