കോഴിക്കോട്: സുസ്ഥിര നഗര വികസന പദ്ധതിയുടെ ഭാഗമായി മാവൂര്‍ റോഡിലെ അഴുക്കുചാല്‍ നവീകരണ പദ്ധതി നീണ്ടതോടെ ജനം ഗതാഗതക്കുരുക്കില്‍ വലഞ്ഞു. മാവൂര്‍ റോഡ് ജങ്ഷനില്‍ റോഡുമുറിച്ച് കാന നിര്‍മിക്കുന്ന പ്രവൃത്തിയാണ് അനന്തമായി നീളുന്നത്. മാര്‍ച്ച് 31ന് പ്രവൃത്തി അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, നിര്‍മാണം നീണ്ടതോടെ മാസങ്ങളായി ജനങ്ങളുടെ ദുരിതം തുടരുകയാണ്. നിര്‍മാണം നടക്കുന്നതിനാല്‍ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ല. ഏറെനേരം ട്രാഫിക് ബ്ളോക്കില്‍ കുടുങ്ങുന്ന ഇരുചക്രവാഹന യാത്രികരും ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലീസുകാരും കടുത്ത ചൂടില്‍ വലയുകയാണ്. നഗരത്തില്‍ ഏറ്റവുംകൂടുതല്‍ വാഹനങ്ങള്‍ ആശ്രയിക്കുന്ന റോഡിലാണ് ഒച്ചിയഴും വേഗത്തിലുള്ള നിര്‍മാണം. ഇതര ജില്ലകളില്‍നിന്നുള്ള 100ലധികം ബസുകളും മുക്കം, മാവൂര്‍, എരഞ്ഞിപ്പാലം ബൈപാസ് തുടങ്ങി നഗരത്തിന്‍െറ കിഴക്ക് ഭാഗത്തേക്കുള്ള പ്രധാന റോഡും ഈ ജങ്ഷന്‍ കടന്നുവേണം പോകാനും വരാനും. ഇത്രയും തിരക്കേറിയ ഭാഗം മാസങ്ങളായി അടച്ചിടുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഒന്നരമീറ്റര്‍ ആഴത്തിലും രണ്ടുമീറ്റര്‍ വീതിയിലുമാണ് ഇവിടെ ഓട നിര്‍മിച്ചത്. ജങ്ഷനില്‍ റോഡു മുറിച്ചുകടന്ന് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് സമീപത്തുനിന്ന് വരുന്ന ഓടയിലേക്ക് ചേരുന്ന രീതിയിലാണ് ഇപ്പോഴത്തെ പ്രവൃത്തി. ഇവിടെ ഒന്നരമീറ്റര്‍ ആഴത്തിലും മൂന്ന് മീറ്റര്‍ വീതിയിലുമാണ് ഓട നിര്‍മാണം നടക്കുക. ഇതോടെ മാവൂര്‍ റോഡ് ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രവൃത്തി ഒരുമാസം പിന്നിടുന്നതോടെ മാവൂര്‍ റോഡിലെ വ്യാപാരത്തെയും ഇവിടേക്കുള്ള യാത്രയെയും സാരമായി ബാധിച്ചിരിക്കുകയാണ്. വടകര, കൊയിലാണ്ടി, ബാലുശ്ശേരി, അത്തോളി, കുറ്റ്യാടി ഭാഗങ്ങളില്‍നിന്ന് പുതിയ സ്റ്റാന്‍ഡിലേക്ക് വരുന്ന സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും ചെറുകിട വാഹനങ്ങളും കുരുക്കില്‍പ്പെടുന്നത് പതിവാണ്. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ റോഡ് അനുബന്ധ നവീകരണം നടക്കുന്നതിനാല്‍ മാനാഞ്ചിറ, അരയിടത്തുപാലം, സ്റ്റേഡിയം ജങ്ഷന്‍, പാളയം, പുതിയറ ഭാഗങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ദേശീയ ഗെയിംസിന്‍െറ ഭാഗമായി മാസങ്ങള്‍ക്കുമുമ്പ് കുത്തിപ്പൊളിച്ച മാവൂര്‍ റോഡില്‍ വീണ്ടും നിര്‍മാണം തുടങ്ങിയത് സര്‍ക്കാര്‍ ഖജനാവിന് കനത്തനഷ്ടവും വരുത്തിവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.