ബീച്ച് ഗംഭീരം; പക്ഷേ, പ്രാഥമിക സൗകര്യം വേണ്ടേ?

കോഴിക്കോട്: സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായി പുതിയഭാവത്തില്‍ സഞ്ചാരികള്‍ക്കായി ഭട്ട്റോഡ് ബീച്ച് ഒരുങ്ങുകയാണ്. ഓപണ്‍ സ്റ്റേജ്, നടപ്പാത, ഇരിപ്പിടങ്ങള്‍, കോഫി കഫേ, ചുറ്റുമതില്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാമുണ്ട്. പക്ഷേ, പ്രാഥമിക സൗകര്യങ്ങള്‍ക്ക് മാത്രം സൗകര്യമില്ല. ഇത് കാരണം ദിനേന ബീച്ചിലത്തെുന്ന സഞ്ചാരികള്‍ മറ്റു വഴിയില്ലാതെ എരിപൊരി കൊള്ളുകയാണ്. ടോയ്ലറ്റ് സംവിധാനം ഇല്ലാത്തതല്ല പ്രശ്നം. കമനീയമായ രീതിയില്‍ തന്നെ ഇത് ഇവിടെ പണി കഴിപ്പിച്ചിട്ടുണ്ട്. പക്ഷേ, എന്തുചെയ്യാം. അടച്ചിട്ട് ഒരു മാസത്തോളമായി. സെപ്റ്റിക് വാല്‍വ് അടഞ്ഞതാണത്രെ പ്രശ്നം. നന്നാക്കാന്‍ ആളില്ലത്രെ. ടോയ്ലറ്റ് കരാര്‍ ഏറ്റെടുത്ത കമ്പനിക്കാണ് അറ്റകുറ്റപ്പണിയുടെയും ചുമതല. പക്ഷേ, എത്തുന്ന സഞ്ചാരികള്‍ കുറവായതിനാല്‍ അറ്റകുറ്റപ്പണിക്ക് തുക മുടക്കിയാല്‍ നഷ്ടമാവുമത്രെ. തീരദേശ രക്ഷാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയാണ് കരാര്‍ എടുത്തതെന്ന് ബോര്‍ഡില്‍ പറയുന്നു. ടോയ്ലറ്റ് സൗകര്യമില്ലാത്തതിനാല്‍ സ്ത്രീകളാണ് ഏറെയും ബുദ്ധിമുട്ടുന്നത്. അത്യാവശ്യം വന്നാല്‍ അടുത്ത വീടുകളെ സമീപിക്കേണ്ട അവസ്ഥയാണ്. അടുത്തുള്ള കഫറ്റീരിയ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ടോയ്ലറ്റിന്‍െറ കാര്യം മാത്രം ആരും ശ്രദ്ധിക്കുന്നില്ല. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് കഫറ്റീരിയയുടെയും ടോയ്ലറ്റിന്‍െറയുമെല്ലാം മേല്‍നോട്ട ചുമതല. പക്ഷേ, നടപടിയൊന്നുമുണ്ടാകുന്നില്ളെന്ന് നാട്ടുകാരും സഞ്ചാരികളും പറയുന്നു. ഡി.ടി.പി.സി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ബീച്ച് സന്ദര്‍ശിച്ചിരുന്നു. ഇതേ സമയം ബസില്‍ എത്തിയ സ്ത്രീകള്‍ അടക്കം പ്രാഥമിക കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുന്നത് സഞ്ചാരികളില്‍ ചിലര്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ‘ഇവിടെ കുറെ പണികള്‍ നടക്കാനുണ്ട്, അതിന്‍െറ കൂടെ ടോയ്ലറ്റും നന്നാക്കും’ എന്നായിരുന്നു കലക്ടറുടെ മറുപടി. ഇതോടെ അടുത്തെങ്ങും ടോയ്ലറ്റ് നന്നാവുമെന്ന പ്രതീക്ഷയും ഇല്ലാതായിരിക്കുകയാണ്. എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് ബീച്ചില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്. മഴക്ക് മുമ്പേ തുറന്ന് കൊടുക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പണികള്‍ എവിടെയുമത്തെിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.