പടക്കക്കച്ചവടം : ലൈസന്‍സ് തോന്നിയപോലെ; നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു

കോഴിക്കോട്: പരവൂരില്‍ സംസ്ഥാനത്തെ ഞെട്ടിച്ച വെടിക്കെട്ട് ദുരന്തത്തിനു പിന്നാലെ, പടക്ക ലൈസന്‍സ് നല്‍കുന്നതിലെ അശാസ്ത്രീയതകളും ചോദ്യംചെയ്യപ്പെടുന്നു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറിലേറെ ലൈസന്‍സുള്ള പടക്കക്കടകളില്‍ കുറഞ്ഞവക്ക് മാത്രമേ ഫയര്‍ ആന്‍ഡ് സേഫ്റ്റിയുടെ നോഒബ്ജക്ഷന്‍ സര്‍ട്ടിഫിക്ക റ്റുള്ളൂ. കടകളില്‍ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍, മണല്‍ ബക്കറ്റ്, നോ സ്മോക്കിങ് ബോര്‍ഡ് എന്നിവ സ്ഥാപിച്ചിരിക്കണം എന്ന നിബന്ധനയുണ്ട്. തുറന്ന സ്ഥലത്തായിരിക്കണം, പുറംഭാഗത്തേക്ക് തുറക്കുന്ന വാതില്‍ വേണം, അടുത്ത 30 മീറ്ററിനുള്ളില്‍ പെട്രോള്‍ പമ്പോ മറ്റു പടക്കക്കടകളോ അപകടരമായ മറ്റു വസ്തുക്കളുടെ ശേഖരമോ ഉണ്ടാവരുത് എന്നീ നിബന്ധനകളും ഉണ്ട്. എന്നാല്‍, ഇത്തരം മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് ലൈസന്‍സ് നല്‍കുന്നത്. പലപ്പോഴും ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പിന്‍െറ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മേല്‍പറഞ്ഞ സംവിധാനങ്ങളൊരുക്കുകയും പിന്നീട് ഒഴിവാക്കുകയുമാണ് ചെയ്യുന്നത്. മൂന്നു വര്‍ഷം കൂടുമ്പോള്‍ ലൈസന്‍സ് പുതുക്കണമെന്നാണ് ചട്ടമെങ്കിലും മിക്കവയും പുതുക്കാറില്ല. റവന്യൂ, പൊലീസ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പ് എന്നിവയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെയോ എ.ഡി.എമ്മിന്‍െറയോ ഓഫിസിന്‍െറ നേരിട്ടുള്ള പരിശോധനക്കു ശേഷമാണ് ലൈസന്‍സ് നല്‍കേണ്ടത്. ഡേഞ്ചറസ് ആന്‍ഡ് ഒഫന്‍സിവ് ട്രേഡ് എന്നനിലയിലാണ് ലൈസന്‍സുകള്‍ ലഭിക്കുക. എന്നാല്‍, ഇവയുടെ പ്രാഥമിക പരിശോധനയില്‍ത്തന്നെ പിഴവ് സംഭവിക്കുന്നതായാണ് ആക്ഷേപം. പടക്കക്കച്ചവടം നടത്തുന്ന കടയില്‍ മറ്റൊരു കച്ചവടവും നടത്തരുതെന്ന് നിയമമുണ്ടെങ്കിലും ബേക്കറിക്കടകള്‍ക്കുപോലും പടക്ക ലൈസന്‍സുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ ലൈസന്‍സുകള്‍ നല്‍കുമ്പോള്‍ ആരോഗ്യവകുപ്പിന്‍െറകൂടി പരിശോധന വേണമെന്നാണെങ്കിലും ഇക്കാര്യവും പരിഗണിക്കു ന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.