ബംഗ്ളാദേശ് യുവതി: വിചാരണയിലും വിധിയിലും അപൂര്‍വതകള്‍

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ഫ്ളാറ്റില്‍ ബംഗ്ളാദേശ് യുവതിയെ പീഡിപ്പിച്ചുവെന്ന കേസിന്‍െറ വിചാരണയിലും വിധിയിലും അപൂര്‍വതകളേറെ. പെട്ടെന്ന് തീര്‍പ്പാക്കാനുള്ള കേസുകള്‍ പതിവായത്തെുന്ന മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് കോടതി പൊലീസ് കേസെടുത്ത് ഒരുകൊല്ലം കഴിയും മുമ്പുതന്നെ വിധി പറഞ്ഞു. യുവതിയെ കടത്തിക്കൊണ്ടുവന്നുവെന്ന് കേസുള്ള ഒന്നാം പ്രതിയും മനുഷ്യക്കടത്ത് വഴിയത്തെിയ യുവതിയെ ഫ്ളാറ്റില്‍ തടവില്‍ പാര്‍പ്പിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് കേസുള്ള രണ്ടും മൂന്നും പ്രതികളെയും ശിക്ഷിച്ചുകൊണ്ടാണ് വിധി. ഫ്ളാറ്റില്‍ യുവതിയെ പീഡിപ്പിക്കാനത്തെിയെന്ന് ആരോപിക്കപ്പെട്ടവരെയെല്ലാം വെറുതെ വിടുകയും ചെയ്തു. കേസ് കോടതിയില്‍ പരിഗണനയിലിരിക്കെ യുവതി കോഴിക്കോട് മഹിളമന്ദിരത്തില്‍ ആത്മഹത്യക്ക് ശ്രമിച്ചതും അവരുടെ രചനകള്‍ പ്രസിദ്ധീകരിച്ചതുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. നഗരത്തിലെ മഹിളമന്ദിരത്തില്‍വെച്ച് രചിച്ച 18 കവിതകളും ചെറുകഥയും ചിത്രങ്ങളുമടങ്ങിയ പുസ്തകമാണ് ‘ഞാനെന്ന മുറിവ്’. കോഴിക്കോട്ട് ചിത്രപ്രദര്‍ശനവും നടത്തി. ഇവയില്‍നിന്നെല്ലാം കിട്ടിയ തുക ഒരു ലക്ഷം ബംഗ്ളാദേശ് ടാക്കക്ക് തുല്യമായിരുന്നു. നാട്ടിലത്തെിയ ഐഷ സിദ്ധീഖി എന്ന യുവതി ഇന്ത്യന്‍ അനുഭവങ്ങള്‍വെച്ച് അവിടത്തെ പത്രത്തിന് നല്‍കിയ അഭിമുഖവും വാര്‍ത്തയായി. മനുഷ്യക്കടത്ത് തടയാനായി 2013ല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നടത്തിയ ഭേദഗതി വഴി കൂട്ടിച്ചേര്‍ത്ത വകുപ്പ് പ്രകാരമെടുത്ത കേസിലാണ് ഇന്നലെ വിധി വന്നത്. സംസ്ഥാനത്ത് ഈ വകുപ്പ് പ്രകാരം ശിക്ഷ വിധിക്കുന്നത് ആദ്യമാണ്. ശിക്ഷാനിയമം 370 എ വകുപ്പ് പ്രകാരം മനുഷ്യക്കടത്തിനിരയായയാളെ ലൈംഗികമായി ചൂഷണം ചെയ്താലുള്ള ശിക്ഷ വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു ഭേദഗതി. ഇതു പ്രകാരം കുറ്റക്കാരെന്ന് കണ്ടാല്‍ കുറഞ്ഞത് മൂന്ന് കൊല്ലം കഠിന തടവെങ്കിലും നല്‍കണം. പീഡനത്തിനിരയായ യുവതിയെ ഒന്നാം സാക്ഷിയായി വിസ്തരിച്ച ശേഷം കോടതി നാട്ടിലയക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. അപാര്‍ട്മെന്‍റില്‍ ഒമ്പതു ദിവസം തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയായെന്നും പ്രമുഖരാണ് എത്തിയിരുന്നതെന്നുമായിരുന്നു യുവതിയുടെ മൊഴി. തൊട്ടുടുത്ത വീട്ടില്‍ അഭയം തേടിയതുകൊണ്ട് മാത്രമാണ് സംഭവങ്ങള്‍ പുറംലോകമറിഞ്ഞത്. മഹിളമന്ദിരത്തില്‍ മാനസിക പീഡനമേല്‍പിച്ചതിനാലാണ് ഇടക്ക് ആത്മഹത്യക്ക് ശ്രമിച്ചതെന്നും യുവതി മൊഴിനല്‍കി. പൊലീസിന് മുമ്പാകെയും കോടതിയിലും ഹിന്ദിയില്‍ നല്‍കിയ മൊഴി പ്രോവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹിന്ദി അധ്യാപിക പ്രേം നിവാസില്‍ പ്രപിത മലയാളത്തിലേക്ക് മാറ്റുകയായിരുന്നു. ഭര്‍ത്താവും മൂന്ന് മക്കളുമുള്ള താന്‍ ബംഗ്ളാദേശ് രാജര്‍ കോട്ട് രാംനഗറില്‍ തയ്യല്‍ പരിശീലകയായി കഴിയവേ സ്വന്തം ഇഷ്ട പ്രകാരം ഇന്ത്യയില്‍ മുംബൈയിലെ ഹാജിയാലി മസ്ജിദ് കാണാന്‍ എത്തിയതാണെന്നായിരുന്നു മൊഴി. ബംഗ്ളാദേശ് അതിര്‍ത്തിയില്‍നിന്ന് ഒറ്റക്ക് തീവണ്ടിയില്‍ കല്‍ക്കത്തയില്‍ വന്നു. തുടര്‍ന്ന് ബംഗളൂരുവില്‍ വന്നപ്പോള്‍ ഒന്നാം പ്രതിയെ കണ്ടു. കേരളത്തില്‍ സെയില്‍സില്‍ മികച്ച ജോലി കിട്ടുമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചതിനാലാണ് കോഴിക്കോട്ടേക്ക് ബസില്‍ പോന്നതെന്നും ബസ്സ്റ്റാന്‍റില്‍നിന്ന് പ്രതികളിലൊരാള്‍ എരഞ്ഞിപ്പാലത്തെ ഫ്ളാറ്റിലത്തെിക്കുകയായിരുന്നുവെന്നുമാണ് മൊഴി. ആവശ്യക്കാരത്തൊത്തപ്പോള്‍ മുറിയിലടച്ചിടുമെന്നും അപ്പോള്‍ കൂടെ കൊണ്ടുവന്ന ഖുര്‍ആന്‍ വായിച്ചിരിക്കാറാണ് പതിവെന്നും മറ്റുമുള്ള മൊഴി അന്യായമായി തടവില്‍ പാര്‍പ്പിച്ചുവെന്ന് തെളിയിക്കുന്നതില്‍ നിര്‍ണായകമായി. പ്രതികള്‍ക്കായി അഡ്വ. ഷഹീര്‍ സിങ്, മുഹമ്മദ് ഹാരിഫ്, വി.പി. സുലൈഖ, ഒ. രാജേഷ്, ബിനേഷ് ബാബു, അരുണ്‍ ജോഷി, സന്തോഷ് കെ. മേനോന്‍, പി. നിര്‍മല്‍ കുമാര്‍ എന്നിവരാണ് ഹാജരായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.