കോഴിക്കോട്: നാട്ടുകാരുടെ പ്രതിഷേധത്തെ മറികടന്ന് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടച്ചുപൂട്ടാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍െറ ശ്രമം സ്കൂള്‍ സംരക്ഷണ സമിതി ചെറുത്തു. കോടതി ഉത്തരവിന്‍െറയും എ.ഇ.ഒ, ഡി.ഡി.ഇ എന്നിവരുടെ റിപ്പോര്‍ട്ടിന്‍െറയും അടിസ്ഥാനത്തില്‍ ഡി.പി.ഐയാണ് സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. വെള്ളിയാഴ്ച വൈകീട്ട് ഉത്തരവ് കൈമാറി സ്കൂള്‍ അടച്ചുപൂട്ടി രേഖകളും താക്കോലും കൈപ്പറ്റാന്‍ സിറ്റി ഉപജില്ലയില്‍ നിന്നത്തെിയ ഉദ്യോഗസ്ഥനെ നാട്ടുകാരുടെ നേതൃത്വത്തില്‍ സ്കൂള്‍ സംരക്ഷണ സമിതി തടഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനകം രേഖകളും താക്കോലും ഉപജില്ലാ ഓഫിസില്‍ എത്തിക്കാന്‍ എ.ഇ.ഒ കെ.എസ്. കുസുമം പ്രധാനാധ്യാപിക എന്‍.എം. പ്രീതിയെ ചുമതലപ്പെടുത്തി. എന്നാല്‍, സ്കൂള്‍ പൂട്ടി താക്കോല്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ ഏറ്റെടുത്തു. പൊതുവിദ്യാലയം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച മുതല്‍ സ്കൂളിനു മുന്നില്‍ പന്തല്‍കെട്ടി മുഴുസമയ സമരം തുടങ്ങാനും നാട്ടുകാര്‍ തീരുമാനിച്ചു. 100 വര്‍ഷത്തിലധികം പഴക്കമുള്ള ഈ വിദ്യാലയത്തിന്‍െറ 1917 മുതലുള്ള രേഖകള്‍ ലഭ്യമാണ്. കുടിപള്ളിക്കൂടമായി പ്രവര്‍ത്തനമാരംഭിച്ച സ്കൂള്‍ 1962ല്‍ യു.പിയാക്കി. സാധാരണക്കാരായ നിരവധി പേര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന ഈ പൊതുവിദ്യാലയം അടച്ചുപൂട്ടുന്നതോടെ നിലവില്‍ പഠിക്കുന്ന 60 കുട്ടികളുടെയും എട്ട് അധ്യാപകരുടെയും ഭാവി എന്താകുമെന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഒന്നും പറയുന്നില്ല. നേരത്തേ മാനേജര്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച സ്കൂള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പുതുക്കിപ്പണിയുകയായിരുന്നു. കെ.ഇ.ആറിലെ ഒരു വകുപ്പ് ഉപയോഗിച്ചാണ് മാനേജര്‍ സ്കൂള്‍ അടച്ചുപൂട്ടാനുള്ള ശ്രമം തുടങ്ങിയത്. എന്നാല്‍, നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് ഹൈകോടതി സിംഗ്ള്‍ ബെഞ്ചിനെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു. ഡി.ഡി.ഇയുടെ തെറ്റായ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സ്കൂള്‍ അടച്ചുപൂട്ടണമെന്ന് നേരത്തേ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ആ ഉത്തരവ് പിന്‍വലിച്ച് വീണ്ടും ഉത്തരവിറക്കിയ സര്‍ക്കാര്‍ നടപടി വഞ്ചനാപരമാണെന്ന് എ. പ്രദീപ്കുമാര്‍ എം.എല്‍.എ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് ആയിരത്തിലധികം മാനേജ്മെന്‍റ് സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്. സ്കൂള്‍ നടത്തുന്നതിനെക്കാള്‍ ലാഭം ഭൂമി കച്ചവടമാണെന്ന മാനേജര്‍മാരുടെ നയമാണ് സാധാരണക്കാര്‍ക്ക് ആശ്രയമായ പൊതുവിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനിടയാക്കുന്നത്. സംസ്ഥാനത്താകമാനം 1500ഓളം മാനേജ്മെന്‍റ് സ്കൂളുകള്‍ അടച്ചുപൂട്ടാനുള്ള അപേക്ഷ വിദ്യാഭ്യാസ വകുപ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.