കോഴിക്കോട്: വികസനം ചര്‍ച്ചചെയ്ത് കോര്‍പറേഷന്‍ കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റിയുടെ പ്രഥമയോഗം. മേയര്‍ വി.കെ.സി. മമ്മദ്കോയ അധികാരമേറ്റതിനുശേഷം പ്രഖ്യാപിച്ച 13 ഇന പരിപാടിയില്‍ കണ്‍സല്‍ട്ടേറ്റിവ് കമ്മിറ്റി രൂപവത്കരിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ബീച്ച് ഹോട്ടലില്‍ നടന്ന പ്രഥമയോഗത്തില്‍ മേയര്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. വിവിധമേഖലകളിലെ വികസനപദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ കീഴില്‍ വിദഗ്ധര്‍ അടങ്ങിയ കര്‍മസമിതികള്‍ രൂപവത്കരിക്കാന്‍ തീരുമാനമായി. കമ്മിറ്റിയില്‍ കൂടിയാലോചന നടത്തി നിര്‍ദേശങ്ങള്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. കോര്‍പറേഷന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാനകാര്യങ്ങള്‍ മേയര്‍ വിശദീകരിച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളുടെ മാതൃകയില്‍ കോഴിക്കോട് കോര്‍പറേഷനെയും മാറ്റുകയാണ് ലക്ഷ്യമെന്നും അതിനായുള്ള പദ്ധതികളാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷന്‍ ഓഫിസിന്‍െറ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് വേഗത്തിലും സുതാര്യവുമായി സേവനം ലഭിക്കുന്നതിനും ഇ-ഗവേണന്‍സ് നടപ്പാക്കും. നഗരത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കും. വൈഫൈ സംവിധാനം കൂടുതല്‍ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തും. യാത്രകള്‍ നടത്തുമ്പോള്‍ സ്ഥലത്തെ കുറിച്ച് സ്മാര്‍ട്ട് ഫോണിലൂടെ അറിയുന്നതിന് ബസുകളില്‍ ജി.പി.ആര്‍.എസ് സംവിധാനം ഉണ്ടാക്കുന്നതിന് നടപടി സ്വീകരിക്കും. തെരുവുവിളക്ക് കത്തിക്കുന്നതിന് സ്ഥിരം സംവിധാനം വരും. പൊതു ശുചിമുറികള്‍, ഇ-ടോയ്ലെറ്റ് തുടങ്ങിയവയും നഗരവികസന പദ്ധതികളില്‍ ഉള്‍പ്പെടത്തി വികസനം കാര്യക്ഷമമാക്കും. കനോലി കനാല്‍ ശുചീകരിക്കുന്നതിനും പ്രഥമ പരിഗണന നല്‍കണമെന്നും ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം യോഗത്തിലുയര്‍ന്നു. പുഴ കൈയേറ്റവും മലിനമാക്കുന്നതും അവസാനിപ്പിക്കണം, ഡ്രെയ്നേജ് പദ്ധതികള്‍ക്ക് രൂപംനല്‍കണം, നഗരവികസനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ളാന്‍ വേണം തുടങ്ങിയ അഭിപ്രായങ്ങളുമുയര്‍ന്നു. എം.എല്‍.എമാരായ എളമരം കരീം, എ.കെ. ശശീന്ദ്രന്‍, എ. പ്രദീപ്കുമാര്‍, കലക്ടര്‍ എന്‍. പ്രശാന്ത്, ഡെപ്യൂട്ടി കമീഷണര്‍ ഡി. സാലി, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, കൗണ്‍സിലര്‍ അഡ്വ. പി.എം. സുരേഷ്ബാബു, സി.ഡി.എ ചെയര്‍മാന്‍ എം.സി. അബൂബക്കര്‍, മുന്‍ മേയര്‍മാരായ ടി.പി. ദാസന്‍, സി. മുഹ്സിന്‍, യു.ടി. രാജന്‍, തോട്ടത്തില്‍ രവീന്ദ്രന്‍, തോട്ടത്തില്‍ രാധാകൃഷ്ണന്‍, എം.എം. പത്മാവതി, ഒ. രാജഗോപാല്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുല്ലത്തീഫ്, കമ്മിറ്റി അംഗങ്ങളായ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പി.വി. നാരായണന്‍, പ്രഫ. കെ. ശ്രീധരന്‍, ഒ.പി. സുരേഷ്, പി.വി. ഗംഗാധരന്‍, പി. ഗംഗാധരന്‍, ഡോ. സുരേഷ്, സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് സ്വാഗതവും കോര്‍പറേഷന്‍ സെക്രട്ടറി ടി. പി. സതീശന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.