‘മാമ്പഴക്കാലം’ വേദിയില്‍ വോട്ടിങ് യന്ത്രവുമായി കലക്ടര്‍

കോഴിക്കോട്: നാടകക്കളരിയില്‍ വോട്ടിങ് മെഷീനെന്തു കാര്യം എന്ന ചോദ്യത്തിന് തീര്‍ച്ചയായും പ്രസക്തിയുണ്ട്. കുട്ടികളില്‍നിന്നും മുതിര്‍ന്നവരിലേക്ക് സമ്മതിദാനാവകാശത്തിന്‍െറ ആവശ്യകത പഠിപ്പിക്കാന്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രവുമായി കോഴിക്കോട് കലക്ടര്‍ പൂക്കാട് കലാലയത്തിലത്തെിയപ്പോള്‍ കുട്ടികള്‍ക്ക് അത് ആശയസംവേദനത്തിന്‍െറ വേദിയായി. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍െറ മാമ്പഴക്കാലം-കുട്ടിക്കളിയാട്ടത്തില്‍ മുഖ്യാതിഥിയായി എത്തിയ കലക്ടര്‍ എന്‍. പ്രശാന്ത് വോട്ട് ചെയ്യേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. കലക്ടറോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ കിട്ടിയ അവസരം പാഴാക്കാതെ കുട്ടികളും സംവാദത്തില്‍ പങ്കെടുത്തതോടെ മാമ്പഴക്കാലം കൂട്ടായ്മ സജീവമായി. സവാരിഗിരിഗിരി പദ്ധതി ജില്ലയില്‍ വരുമ്പോള്‍ ബസില്‍ നിന്നും ബാക്കി 50 പൈസ തിരികെ കിട്ടുമോ, വേനലില്‍ ജലസംരക്ഷണത്തിന് എന്തൊക്കെ പദ്ധതികള്‍ നടപ്പിലാക്കാനാവും, ഐ.എ.എസും കലാജീവിതവും ഒന്നിച്ചു കൊണ്ടുപോകാന്‍ സാധിക്കുമോ, വിഷമതകളില്‍നിന്നും ആര്‍ജിച്ച തീരുമാനങ്ങളാണോ പുതിയ പദ്ധതികള്‍ക്ക്് പ്രചോദനം നല്‍കുന്നത് എന്നിങ്ങനെ നീണ്ടു കുട്ടികളുടെ ചോദ്യങ്ങള്‍. അവക്കെല്ലാം സരസമായി മറുപടി നല്‍കിയ കലക്ടര്‍ സഹജീവിയെ അറിയുന്ന നല്ല മനസ്സുണ്ടാക്കിയെടുക്കാന്‍ കഴിവുള്ളവരായി വളരാന്‍ ആശംസിച്ചു. ചടങ്ങില്‍ വൈലോപ്പിള്ളി സംസ്കൃതിഭവന്‍ ചെയര്‍മാന്‍ കാവില്‍ പി. മാധവന്‍, ജനറല്‍ കണ്‍വീനര്‍ ശിവദാസ് കാരോളി, ക്യാമ്പ് ഡയറക്ടര്‍ മനോജ് നാരായണന്‍, പി. രാജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.