പരസ്യബോര്‍ഡുകള്‍ മാറ്റാന്‍ നോട്ടീസ് നല്‍കി –നഗരസഭ സെക്രട്ടറി

കൊടുവള്ളി: കൊടുവള്ളി ബസ്സ്റ്റാന്‍ഡില്‍ പഞ്ചായത്തീരാജ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത് നീക്കംചെയ്യാന്‍ പരസ്യകമ്പനിക്ക് നോട്ടീസ് നല്‍കിയതായി നഗരസഭ സെക്രട്ടറി ബാബുപ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു. രണ്ടു ദിവസത്തിനകം പരസ്യബോര്‍ഡുകള്‍ നീക്കുമെന്നാണ് കമ്പനി അറിയിച്ചത്. നീക്കിയില്ളെങ്കില്‍ നഗരസഭതന്നെ പരസ്യബോര്‍ഡുകള്‍ നീക്കി ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി പറഞ്ഞു. അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന കൊടുവള്ളി ബസ്സ്റ്റാന്‍ഡില്‍ നവീകരണത്തിന്‍െറ പേരുപറഞ്ഞ് പരസ്യകമ്പനിക്ക് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നാലു വര്‍ഷത്തേക്ക് അനുമതി നല്‍കിയതു സംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. പൊതുമുതല്‍ കൊള്ളയടിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇതുസംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കുമെന്നും കഴിഞ്ഞദിവസം നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനം നടത്തി പറയുകയും ചെയ്തിരുന്നു. ലേലനടപടികള്‍ ഒരു വര്‍ഷത്തേക്കാണെന്നിരിക്കെ 2012ല്‍ അന്നത്തെ ഭരണസമിതി പരസ്യകമ്പനിക്ക് 2015-16 വര്‍ഷംവരെ പരസ്യം നല്‍കാന്‍ അനുമതി നല്‍കുകയാണത്രെ ചെയ്തത്. പരസ്യകമ്പനി 3000 രൂപ മാത്രമാണ് ഈയിനത്തില്‍ പഞ്ചായത്തിലേക്ക് ലേലത്തുകയായി അടച്ചതെന്നാണ് പഞ്ചായത്തിന്‍െറ രേഖകളില്‍നിന്ന് വ്യക്തമാകുന്നത്. വിവരാവകാശ നിയമപ്രകാരം കൗണ്‍സിലറായ ഫൈസല്‍ കാരാട്ട് ഇതുസംബന്ധമായ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ച മറുപടിയിലാണ് നഗരസഭ അധികൃതര്‍തന്നെ ഇക്കാര്യം പറയുന്നത്. ഇതോടെ പഞ്ചായത്ത് സ്ഥലം പരസ്യം നല്‍കാന്‍ വിട്ടുനല്‍കിയതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവെച്ചെന്ന ആക്ഷേപമാണ് ഉയര്‍ന്നുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.