കര്‍ശന നിരീക്ഷണവുമായി കമീഷന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍ കര്‍ശനമായി നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം. ഓരോ സ്ഥാനാര്‍ഥിക്കും അനുവദിക്കപ്പെട്ട പരമാവധി ചെലവ് തുകയായ 28 ലക്ഷത്തിന് മുകളില്‍ ചെലവ് വരുത്തുന്നവര്‍ക്കെതിരെ അയോഗ്യതയുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസം വരെയുള്ള ചെലവുകളാണ് ഓരോ മണ്ഡലങ്ങളിലേക്കും നിയോഗിക്കപ്പെട്ട അസിസ്റ്റന്‍റ് ചെലവ് നിരീക്ഷകരുടെ നേതൃത്വത്തിലുള്ള സംഘം നിരീക്ഷണ വിധേയമാക്കുക. എല്ലാ സ്ഥാനാര്‍ഥികളുടെയും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ വിഡിയോയില്‍ പകര്‍ത്തി റേറ്റ് ചാര്‍ട്ട് പ്രകാരമുള്ള നിരക്കനുസരിച്ചുള്ള തുക ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം സ്ഥാനാര്‍ഥികള്‍ നല്‍കുന്ന ചെലവ് രജിസ്റ്ററുമായി ഇവ തട്ടിച്ചുനോക്കി അപാകതകള്‍ കമീഷന്‍ മുമ്പാകെ ചൂണ്ടിക്കാട്ടും. ഓരോ ദിവസവും സ്ഥാനാര്‍ഥികള്‍ ചെലവ് രജിസ്റ്റര്‍ തയാറാക്കാനും കമീഷന്‍ നിര്‍ദേശമുണ്ട്. പ്രചാരണ പരിപാടികള്‍ വിഡിയോയില്‍ പകര്‍ത്തുന്നതിനുള്ള വിഡിയോ സര്‍വൈലന്‍സ് ടീം, അവ പരിശോധിക്കുന്നതിനുള്ള വിഡിയോ വ്യൂവിങ് ടീം, വിഡിയോകള്‍ പ്രകാരമുള്ള ചെലവുകള്‍ കണക്കാക്കി ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനുള്ള അക്കൗണ്ടിങ് ടീം എന്നിവ പ്രവര്‍ത്തനം തുടങ്ങി. സ്ഥാനാര്‍ഥികള്‍ നടത്തുന്ന റാലികള്‍, പോസ്റ്റര്‍ പ്രചാരണങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവക്കുപുറമെ, നവമാധ്യമങ്ങളിലുള്‍പ്പെടെ വരുന്ന പരസ്യങ്ങളും ചെലവിന്‍െറ പരിധിയില്‍ വരും. ഷോട്ട് ഫിലിമുകള്‍, വെബ്സൈറ്റുകള്‍ എന്നിവയുടെ ചെലവും സ്ഥാനാര്‍ഥിയുടെ അക്കൗണ്ടിലാണ് ചേര്‍ക്കുക. പ്രധാനമന്ത്രി, മുഖ്യമന്ത്രി, ദേശീയ നേതാക്കള്‍ തുടങ്ങി സ്റ്റാര്‍ കാമ്പയിനര്‍മാരെ പങ്കെടുപ്പിച്ച് നടത്തുന്ന പ്രചാരണ പരിപാടികളില്‍ അവരുടെ യാത്രയുമായി ബന്ധപ്പെട്ട ചെലവ് സ്ഥാനാര്‍ഥിയുടെ ചെലവില്‍ വരില്ല. എന്നാല്‍, സ്റ്റാര്‍ കാമ്പയിനര്‍ക്കൊപ്പം വേദി പങ്കിടുന്ന സ്ഥാനാര്‍ഥിയാണ് പൊതുയോഗങ്ങള്‍, റാലികള്‍ തുടങ്ങിയവയുടെ ചെലവ് വഹിക്കേണ്ടത്. അനധികൃതമായി പണം, പാരിതോഷികം, മദ്യം തുടങ്ങിയവ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നടത്തുന്ന ശ്രമങ്ങളും നിരീക്ഷണ വിധേയമാവും. ഇവ കണ്ടത്തൊന്‍ ഫ്ളയിങ് സ്ക്വാഡുകളും പ്രവര്‍ത്തനം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.