കോഴിക്കോട്: റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് മധുരമാവട്ടം സ്വദേശിനി എം. നന്ദിനിയാണ് (18) പൊലീസ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചക്ക് സ്റ്റേഷനില്‍ ട്രെയ്നിറങ്ങി പ്ളാറ്റ്ഫോമിലുള്ള ലിഫ്റ്റില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് പാവങ്ങാട് അടുക്കത്ത് രത്നവല്ലിയുടെ മാലപൊട്ടിക്കാന്‍ പ്രതി ശ്രമിച്ചത്. ലിഫ്റ്റില്‍ കയറുന്നതിനിടെ കൃത്രിമമായി തിരക്കുണ്ടാക്കി അഞ്ചു പവനോളം വരുന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. യാത്രക്കാരി ബഹളംവെച്ചതിനെതുടര്‍ന്ന് പ്രതി ഓടിരക്ഷപ്പെട്ടു. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ പ്ളാറ്റ്ഫോമില്‍ വെച്ചാണ് റെയില്‍വേ എസ്.ഐ ബി.കെ. സിജുവിന്‍െറ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുന്നത്. പ്ളാറ്റ്ഫോമിലെ കാത്തിരിപ്പു കേന്ദ്രത്തില്‍നിന്ന് വസ്ത്രം മാറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. മോഷണശേഷം തിരിച്ചറിയാതിരിക്കാന്‍ പുതിയ വേഷത്തില്‍ നടക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തില്‍ 10ഓളം സ്ത്രീകള്‍ ജില്ലയില്‍ വന്നിട്ടുണ്ടെന്നും രാവിലെ ഒരു വാഹനത്തില്‍ വന്നിറങ്ങി മോഷണം നടത്തിയശേഷം രാത്രിയില്‍ ഒത്തുകൂടുകയാണ് പതിവെന്നും പിടിയിലായ സ്ത്രീ പൊലീസില്‍ മൊഴി നല്‍കി. മോഷണ സാധനങ്ങള്‍ ആഴ്ചയില്‍ ഒരിക്കല്‍ നാട്ടില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് രീതി. പിടിക്കപ്പെട്ടാല്‍ ജാമ്യത്തിലിറക്കാന്‍ നാട്ടില്‍നിന്ന് അഭിഭാഷകനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ്.ഐ രാജേന്ദ്രന്‍, എ.എസ്.ഐമാരായ കെ. ശശിധരന്‍, സതീഷ്കുമാര്‍, മനോജ്കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.