പ്ളാന്‍റ് വിരുദ്ധ സമരം: മാലിന്യനീക്കം വീണ്ടും വഴിമുട്ടി

നാദാപുരം: ഗ്രാമപഞ്ചായത്ത് പാലോഞ്ചാല മാലിന്യ പ്ളാന്‍റിലേക്കുള്ള മാലിന്യനീക്കം വീണ്ടും അനിശ്ചിതത്വത്തിലായി. പൊലീസ് സംരക്ഷണത്തില്‍ ഒറ്റദിവസം മാലിന്യം കൊണ്ടുപോയ ശേഷം പിന്നീട് മാലിന്യനീക്കം നടന്നിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് മാലിന്യപ്ളാന്‍റിനെതിരെ ഉപരോധ സമരം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് മാറ്റി മാലിന്യം പ്ളാന്‍റില്‍ കൊണ്ടുപോയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊലീസ് സംരക്ഷണം ലഭിക്കാത്തതിനാല്‍ മാലിന്യം കൊണ്ടുപോകാന്‍ കഴിയാതാവുകയായിരുന്നു. അതിനിടെ, സമരസമിതി പ്രവര്‍ത്തകര്‍ ഹൈകോടതിയില്‍നിന്ന് അനുകൂല വിധി നേടിയെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. മാലിന്യം പ്ളാന്‍റിലേക്ക് കൊണ്ടുപോകുന്നതിന് പൊലീസ് സംരക്ഷണം നല്‍കാന്‍ നേരത്തേ ഹൈകോടതി കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. ഈ ഉത്തരവിനാണ് ഇപ്പോള്‍ സ്റ്റേ ലഭിച്ചിരിക്കുന്നതെന്ന് സമരസമിതി കണ്‍വീനര്‍ മുഹ്സിന്‍ അരയാലുള്ളതില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പൊലീസുകാര്‍ക്ക് അധിക ഡ്യൂട്ടി ചെയ്യേണ്ടിവരുന്നതിനാല്‍ എല്ലാ ദിവസവും മാലിന്യം നീക്കുന്നതിന് സംരക്ഷണം നല്‍കാന്‍ കഴിയില്ളെന്ന് നേരത്തേതന്നെ പൊലീസ് ഗ്രാമ പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ശനിയാഴ്ചക്കു ശേഷം മാലിന്യം നീക്കുന്നതിന് അധികൃതര്‍ക്ക് കഴിയാതിരുന്നത്. രൂക്ഷമായ ആരോഗ്യപ്രശ്നമുളവാക്കുന്ന മാലിന്യ പ്ളാന്‍റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് രണ്ടു മാസം മുമ്പാണ് പ്രദേശവാസികള്‍ കര്‍മസമിതി രൂപവത്കരിച്ച് ഉപരോധ സമരം തുടങ്ങിയത്. ഇതിനുശേഷം പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെടുകയായിരുന്നു. നേരത്തേ പ്ളാന്‍റില്‍ കൂട്ടിയിട്ട പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇപ്പോള്‍ സംസ്കരിക്കപ്പെടാതെ കിടക്കുകയാണ്. മാലിന്യത്തില്‍നിന്ന് വളം നിര്‍മിക്കുന്ന പ്രവൃത്തിയും മുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.