ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍; പരാതികള്‍ ഒഴിയുന്നില്ല

ചേളന്നൂര്‍: ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട പരാതികള്‍ ഒഴിയുന്നില്ല. വിവിധ വാര്‍ഡുകളിലെ സ്കൂള്‍, വായനശാലകള്‍, സന്നദ്ധ സംഘടനാ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ നടത്തി കാര്‍ഡ് പുതുക്കല്‍ ആരംഭിച്ചുവെങ്കിലും നിരവധി പരാതികളാണ് ഇതിനകം ഉയര്‍ന്നത്. പ്രതിഷേധത്തെയും തര്‍ക്കത്തെയും തുടര്‍ന്ന് ചിലയിടത്ത് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. കഴിഞ്ഞ ദിവസം പെരുമ്പൊയില്‍ ഭാഗത്തെ ക്യാമ്പില്‍ കാക്കൂര്‍ പൊലീസും പഞ്ചായത്ത് പ്രസിഡന്‍റ് ടി. വത്സലയും എത്തിയാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയത്. കാര്‍ഡ് പുതുക്കി നല്‍കുന്നതിന് കരാറെടുത്ത ഏജന്‍സി അധികൃതര്‍ മതിയായ ജീവനക്കാരെ ക്യാമ്പുകളില്‍ നിയോഗിക്കാത്തതാണ് പലയിടത്തും ദുരിതമായത്. നൂറും ഇരുന്നൂറും ആളുകള്‍ വരിനില്‍ക്കുമ്പോഴും മൂന്നും നാലുംപേര്‍ മാത്രമാണ് പുതിയ കാര്‍ഡ് തയാറാക്കി നല്‍കാനുണ്ടായിരുന്നത്. ഇതിനാല്‍, ആളുകള്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. കാര്‍ഡ് പുതുക്കിനല്‍കുന്നതിനുള്ള ലാപ്ടോപ്പുകളും മറ്റുപകരണങ്ങളും മിക്കയിടത്തും കാലപ്പഴക്കമുള്ളവയാണ് എത്തിച്ചത് എന്നതിനാല്‍ സാങ്കേതിക തകരാറുകളും ആളുകളെ വലച്ചു. ചിലയിടത്തെ സാങ്കേതിക തകരാറുകള്‍ മാറ്റാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടതായും വന്നുവെന്ന് കാര്‍ഡ് പുതുക്കാനത്തെിയവര്‍ പറഞ്ഞു. തകരാറുകള്‍ ഉടന്‍ പരിഹരിക്കാന്‍ വിദഗ്ധര്‍ ഇല്ലാത്തതാണ് ദുരിതം ഇരട്ടിയാക്കിയത്. കാര്‍ഡ് നഷ്ടമായവര്‍ക്ക് പുതിയ കാര്‍ഡ് ഇനി എന്ന് എടുക്കാന്‍ കഴിയുമെന്നതിനെ സംബന്ധിച്ചോ, സ്ഥലത്തില്ലാത്തവരുടെ പേരുകള്‍ ചേര്‍ക്കുന്നത് സംബന്ധിച്ചോ വ്യക്തമായ മറുപടി നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല എന്നും ആക്ഷേപമുണ്ട്. നേരത്തേയുള്ള കാര്‍ഡ് ഉപയോഗിച്ച് ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍നിന്ന് ആനുകൂല്യം ലഭിച്ചവരുടെ കാര്‍ഡ് സംബന്ധമായ വിവരങ്ങള്‍ കമ്പ്യൂട്ടറുകളില്‍ ലഭ്യമല്ലാത്തതും പലരേയും വലച്ചു. ഇവര്‍ക്ക് ഇനി എന്നാണ് കാര്‍ഡ് പുതുക്കാനാവുക എന്ന കാര്യത്തിലും വ്യക്തതയില്ല. നിരവധി കുടുംബങ്ങളുടെ പേരുകള്‍ ഇത്തരത്തില്‍ തള്ളിപ്പോയതായാണ് വിവരം. ഫോട്ടോയെടുക്കുന്ന ക്യാമ്പുകള്‍ കുടിവെള്ളം, ശുചിമുറി, ഇരിപ്പിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്ലാത്തതും ദൂരദിക്കുകളില്‍നിന്നും കൈക്കുഞ്ഞുങ്ങളുമായി എത്തിയവരെയും മറ്റും വലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.