അതിവേഗ റെയില്‍: സ്ഥാനാര്‍ഥികളുടെ പൊയ്മുഖം വെളിച്ചത്താക്കാന്‍ പ്രതിരോധ സമിതി

കക്കോടി: അതിവേഗ റെയില്‍ പദ്ധതിക്കെതിരെ ജനകീയ സമരത്തോടൊപ്പം നില്‍ക്കാത്ത സ്ഥാനാര്‍ഥികള്‍ക്ക് വോട്ടില്ളെന്ന തീരുമാനം സ്ഥാനാര്‍ഥികളുടെ പൊയ്മുഖം വെളിച്ചത്താക്കും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൈക്കൊണ്ട അതേ നിലപാടാണ് അതിവേഗ റെയില്‍പ്രതിരോധ സമിതി നിയമസഭാ തെരഞ്ഞെടുപ്പിലും കൈക്കൊള്ളുന്നത്. അതിവേഗ പാതക്കെതിരെ ശക്തമായ സമരം നടക്കുന്ന ജില്ലയിലെ കുടിയിറക്ക് ഭീഷണിയിലുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ തീരുമാനമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സമരവേളകളില്‍ പിന്തുണ അറിയിക്കുമെങ്കിലും പദ്ധതിക്കെതിരില്‍ അധികാരികള്‍ക്കെതിരെ ശബ്ദിക്കാറില്ലത്രെ. പാതക്കനുകൂലമായി രഹസ്യനീക്കം നടത്തുകയും കോര്‍പറേറ്റുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ-ഉദ്യോഗസ്ഥരെ സഹായിക്കുമെന്ന് തോന്നലുള്ള സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താനുള്ള നീക്കത്തിന്‍െറ ഭാഗമായാണ് പ്രതിരോധ സമിതിയുടെ ഇപ്പോഴത്തെ നിലപാട്. 49 കിലോമീറ്റര്‍ ദൂരം ജില്ലയിലൂടെ കടന്നുപോകുന്ന പാതക്ക് ഏക്കര്‍ കണക്കിന് ഭൂമിയും നൂറുകണക്കിന് വീടുകളും ഇടിച്ചുനിരത്തേണ്ടിവരുമെന്ന് പ്രതിരോധസമിതി പ്രവര്‍ത്തകര്‍ പറയുന്നു. തൊണ്ടയാട്, വേങ്ങേരി, കക്കോടി, ചേളന്നൂര്‍, അത്തോളി തുടങ്ങിയ ഭാഗങ്ങളിലെ ഭീതിയിലായ ആയിരക്കണക്കിന് കുടുംബങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒറ്റക്കെട്ടായാണ് സമരം നയിക്കുന്നത്. കോഴിക്കോട് സൗത്, എലത്തൂര്‍, കൊയിലാണ്ടി, വടകര എന്നീ മണ്ഡലങ്ങളിലാണ് ജില്ലയില്‍ കൂടുതലായും കുടിയിറക്ക് ഭീഷണി. പന്ത്രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത കലക്ടറേറ്റ് ഉപരോധമുള്‍പ്പെടെയുള്ള നിരവധി സമരപരിപാടികളും ജില്ലയില്‍ നടന്നിരുന്നു. സമരത്തിന്‍െറ ഭാഗമായി മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രാദേശികമായി പ്രതിരോധ സമിതിക്ക് പിന്തുണ പ്രഖ്യാപിക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. പ്രതിരോധസമിതിയുടെ നേതാക്കളില്‍ ചിലര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ളവരാണെങ്കിലും പ്രതിരോധ സമിതികളുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഒറ്റപ്പെടുമെന്ന ഭീതിയില്‍ ജനകീയസമരത്തില്‍ അടിയുറച്ച് നില്‍ക്കുകയാണ്. പദ്ധതി ഉപേക്ഷിക്കുന്നതുവരെ ജനകീയ സമരം തുടരുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ജില്ലാ വാഹനപ്രചാരണ ജാഥയില്‍ നേതൃത്വം വ്യക്തമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.