കൊടുവള്ളി: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന കൊടുവളി ബസ്സ്റ്റാന്‍ഡ് നവീകരണത്തിന്‍െറ പേരില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ അഴിമതിയെന്ന്. ബസ്സ്റ്റാന്‍റില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചത് സംബന്ധിച്ച് കൗണ്‍സിലര്‍ ഫൈസല്‍ കാരാട്ട് വിവരാവകാശ നിയമപ്രകാരം നഗരസഭയോട് ഇതുസംബന്ധമായ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ മറുപടിയിലാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്. ലേല നടപടികള്‍ ഒരുവര്‍ഷത്തേക്കാണെന്നിരിക്കെ 2012ല്‍ അന്നത്തെ ഗ്രാമപഞ്ചായത്ത് ഒരു പരസ്യ കമ്പനിക്ക് പഞ്ചായത്തീരാജ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നാലുവര്‍ഷത്തേക്ക് അനുമതി നല്‍കിയതായാണ് പഞ്ചായത്തിന്‍െറ രേഖകളില്‍ കാണുന്നത്. 2015-16 വര്‍ഷം വരെയാണിതെന്നും വ്യക്തമായി പറയുന്നു. കമ്പനി 3000 രൂപ മാത്രമാണ് പഞ്ചായത്തില്‍ ലേല തുകയായി അടച്ചത് എന്നിരിക്കെ 2016 ഫെബ്രുവരി 24 മുതല്‍ മൂന്നുമാസത്തേക്ക് 1,20,000 രൂപ ഈടാക്കി പരസ്യം സ്ഥാപിച്ചത് നഗരസഭ സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തിയതോടെ മാര്‍ച്ച് 22ന് പരസ്യ ഉടമകള്‍ക്ക് പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കുകയുണ്ടായി. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ പരസ്യ കമ്പനിക്ക് പഞ്ചായത്ത് സ്ഥലം പരസ്യം നല്‍കാന്‍ വിട്ടുനല്‍കിയതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിവെച്ചതെന്നാണ് ഇപ്പോള്‍ ആക്ഷേപമുയര്‍ന്നത്. പരസ്യ കമ്പനി പഞ്ചായത്തുമായി വെച്ച കരാറില്‍ ബസ് കാത്തിരിപ്പുഭാഗം പൂര്‍ണമായും ടൈല്‍ വിരിക്കുക, തൂണുകളില്‍ ടൈല്‍ ഒട്ടിക്കുക, യാത്രക്കാര്‍ക്ക് ഇരിക്കാന്‍ 16 സീറ്റുകള്‍ സ്ഥാപിക്കുക, കാത്തിരിപ്പു കേന്ദ്രം വൃത്തിയായി സൂക്ഷിക്കുക, യഥാസമയം പെയിന്‍റ് ചെയ്യുക, ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുക, വാള്‍ ക്ളോക്ക് സ്ഥാപിക്കുക എന്നിവ നടപ്പാക്കുമെന്നും പറയുന്നുണ്ട്. എന്നാല്‍, ബസ്സ്റ്റാന്‍ഡ് പൂര്‍ണമായും തകര്‍ന്ന് യാത്രക്കാര്‍ക്ക് ഇരിക്കാന്‍പോലും സൗകര്യമില്ലാത്ത നിലയിലാണ്. പരസ്യ ബോര്‍ഡുകളില്‍ തട്ടി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും നിത്യസംഭവമാണ്. കരാറിലെ വ്യവസ്ഥകള്‍ പാലിക്കാതെ സ്വകാര്യകമ്പനിക്ക് പരസ്യം നല്‍കാന്‍ അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് എല്‍.ഡി.എഫ് മെംബര്‍മാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.