കടലോരവാസികള്‍ക്ക് വറുതിയുടെ വിഷുക്കാലം

വടകര: കടലോരവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഇത് വറുതിയുടെ വിഷുക്കാലം. പൊതുവെ കാലവര്‍ഷക്കാലത്ത് മാത്രം കേട്ടിരുന്ന പട്ടിണിയുടെയും പരിവട്ടത്തിന്‍െറയും കഥയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വേനലിലും പറയാനുള്ളത്. മത്സ്യം കിട്ടാക്കനിയായതാണ് പരമ്പരാഗത മത്സ്യത്തൊഴിലാളി ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത്. തീരങ്ങളില്‍ മത്സ്യം അന്യമായതോടെ മത്സ്യമാര്‍ക്കറ്റുകളെ സമ്പന്നമാക്കുന്നത് അന്യസംസ്ഥാനത്തുനിന്നത്തെുന്ന മത്സ്യങ്ങളാണ്. ഇതോടെ പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ദുരിതം പേറുന്നത്. മത്സ്യബന്ധനത്തിനായി പോകുന്നവര്‍ക്ക് ഇന്ധനച്ചെലവുപോലും കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു. മൂന്നര പതിറ്റാണ്ടിനിടയില്‍ മത്സ്യത്തൊഴിലാളികള്‍ ഇത്രയേറെ ദുരിതങ്ങള്‍ പേറിയ സന്ദര്‍ഭമുണ്ടായിട്ടില്ളെന്ന് പറയുന്നു. പുതിയ തലമുറ അനുഭവിക്കുന്ന ഏറ്റവും രൂക്ഷമായ ദാരിദ്ര്യകാലമാണിത്. കഴിഞ്ഞ മൂന്നുവര്‍ഷമായി മത്സ്യലഭ്യത അടിക്കടി കുറയുകയാണ്. ചെറുതും വലുതുമായ വള്ളങ്ങളെയാണിത് പ്രധാനമായും ബാധിച്ചിട്ടുള്ളത്. ഏറെപ്പേരും ആശ്രയിക്കുന്നത് ഇത്തരം വള്ളങ്ങളെയാണ്. പരമ്പരാഗത തൊഴിലാളികളില്‍ പലരും കഴിഞ്ഞ കാലങ്ങളിലായി മറ്റു മേഖലയിലേക്ക് ചേക്കേറുകയാണ്. നാട്ടിന്‍പുറത്ത് മോട്ടോര്‍ സൈക്കിളിലും മറ്റും മത്സ്യവില്‍പന നടത്തുന്നവരും മീനിന്‍െറ വില കൂടിയതിനാല്‍ ഈ രംഗത്തോട് വിടപറയുകയാണ്. ഇപ്പോള്‍ ലഭിക്കുന്ന മത്സ്യത്തില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന മത്സ്യങ്ങളാണ്. ഇതിനാകട്ടെ, പൊന്നുംവിലയാണ്. അശാസ്ത്രീയ മത്സ്യബന്ധനം, കമ്പ്യൂട്ടര്‍ കാമറ ഉപയോഗിച്ചുകൊണ്ടുള്ള മത്സ്യബന്ധനം, ഉള്‍ക്കടലിലെ വിദേശ കപ്പലുകളുടെ കടന്നുകയറ്റം, ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ചെറുമത്സ്യങ്ങളെവരെ പിടികൂടല്‍, രാപ്പകലെന്നില്ലാതെ ട്രോളിങ് വള്ളങ്ങളുടെ മീന്‍പിടിത്തം, കടലില്‍ തള്ളുന്ന മാലിന്യങ്ങള്‍ എന്നിവ മത്സ്യലഭ്യത കുറക്കുന്നതിന് കാരണമായതായി പറയുന്നു. മത്സ്യങ്ങളുടെ പ്രജനനകാലത്തുപോലുള്ള മീന്‍പിടിത്തം ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. നേരത്തേ കടലില്‍ പോകുന്നതിന് ചില സമയക്രമങ്ങള്‍ ഉണ്ടായിരുന്നു. വന്‍കിടക്കാരുടെ കടന്നുവരവോടെ വന്‍തോതിലുള്ള ലാഭം മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള മീന്‍പിടിത്തമാണ് നടക്കുന്നത്. അശാസ്ത്രീയമായ മത്സ്യബന്ധനത്തിനെതിരെ ബോധവത്കരണങ്ങളും ലക്ഷ്യം കണ്ടില്ളെന്നും ഇപ്പോള്‍ വലിയ പ്രയാസമാണ് കടലോരമേഖലയിലുള്ളതെന്നും കടല്‍ക്കോടതി കണ്‍വീനര്‍ സതീശന്‍ കുരിയാടി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.