കോഴിക്കോട്: പൈപ്പിലൂടെ നൂലുപോലെ വരുന്ന കുടിവെള്ളം കാത്ത് മണിക്കൂറുകളുടെ കാത്തിരിപ്പ്. നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഇതാണ്. പാറോപ്പടി, സിവില്‍സ്റ്റേഷന്‍, ചേവരമ്പലം, വെള്ളിമാടുകുന്ന് എന്നീ വാര്‍ഡുകളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാവുകയാണ്. വെള്ളിമാടുകുന്ന് വാര്‍ഡിലെ പുളിയക്കോട്, മണ്ണാര്‍ക്കുന്ന് എന്നീ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം കുടിവെള്ളത്തിനായി നീണ്ട കാത്തിരിപ്പാണ്. കുടിവെള്ളം വൈകുന്നതോടെ ദിനചര്യകള്‍ താളംതെറ്റുകയും ചെയ്യുന്നു. കുടുംബശ്രീ ഖരമാലിന്യ ശേഖരണ യൂനിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ഇവിടെയുള്ള സ്ത്രീകള്‍ അടക്കമാണ് പുലര്‍ച്ചെ മുതല്‍ കുടിവെള്ളത്തിനായി കാത്തിരിക്കുന്നത്. ഉയര്‍ന്ന സ്ഥലത്ത് വെള്ളം ശേഖരിച്ച് ടാങ്കില്‍നിന്ന് വെള്ളം മോട്ടോര്‍വെച്ച് അടിക്കുന്ന സംവിധാനം ഇവിടെ നേരത്തേയുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി. കിണറുകളിലെ വെള്ളം വറ്റിയിട്ട് ആഴ്ചകളായി. സിവില്‍സ്റ്റേഷന്‍ വാര്‍ഡിലെ വിമലക്കുന്ന്, പള്ളിമലക്കുന്ന്, നേതാജി റോഡ്, പറമ്പത്ത് കാവ്, കോട്ടൂളി എന്നിവിടങ്ങളിലെല്ലാം കുടിവെള്ളത്തിനായി നീണ്ടനേരത്തെ കാത്തിരിപ്പാണ്. ചേവരമ്പലം വാര്‍ഡില്‍ തൊട്ടില്‍പീടിക, സി.എച്ച് കോളനി എന്നിവിടങ്ങളില്‍ പൂളക്കടവിലെ പമ്പിങ് മുടങ്ങിയതാണ് കുടിവെള്ളക്ഷാമത്തിന് കാരണം. ക്ഷാമം നേരിടുന്ന ഭാഗങ്ങളില്‍ കോര്‍പറേഷന്‍ മുന്‍കൈയെടുത്ത് ലോറികളില്‍ കുടിവെള്ള വിതരണത്തിന് നീക്കമുണ്ടായിരുന്നെങ്കിലും ജില്ലാ ഭരണകൂടം ഇടപെട്ട് ഇത് തടഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ ജനപ്രതിനിധികള്‍ മുന്‍കൈയെടുത്തുള്ള കുടിവെള്ള വിതരണം അനുവദിക്കില്ല എന്നാണ് ജില്ലാ ഭരണകൂടത്തിന്‍െറ നിലപാട്. എന്നാല്‍, റവന്യൂ വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ കുടിവെള്ള വിതരണത്തിന് നടപടിയുമായിട്ടില്ല. രണ്ടിനുമിടയില്‍ ജനങ്ങളുടെ തൊണ്ട വരളുകയാണ്. ടാങ്കറുകളില്‍ സ്വന്തം നിലക്ക് പണംമുടക്കി വെള്ളമത്തെിച്ച് കുടിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. സി.ഡബ്ള്യു.ആര്‍.ഡി.എം- പനോത്ത് റോഡില്‍ പണി നടക്കുന്നതിനാല്‍ പൈപ്പ് പൊട്ടിയും കുടിവെള്ളം നഷ്ടമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.