കോഴിക്കോട്: മെഡിക്കല്‍ കോളജ് ത്രിതല കാന്‍സര്‍ സെന്‍ററിലേക്കായി 18 കോടി രൂപയുടെ ഹൈ എനര്‍ജി ലീനിയര്‍ ആക്സിലറേറ്ററിന്‍െറ ടെന്‍ഡര്‍ നടപടികളായി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റേഡിയേഷന്‍ സംവിധാനമാണ് ഹൈ എനര്‍ജി ലീനിയര്‍ ആക്സിലറേറ്റര്‍. ലീനിയര്‍ ആക്സിലറേറ്റര്‍ സ്ഥാപിക്കുന്ന മുറിക്ക് ചില നിബന്ധനകള്‍ പൂര്‍ത്തിയാക്കാനുണ്ട്. ചുവരുകള്‍ക്ക് രണ്ടരമീറ്റര്‍ വീതി വേണം. സീലിങ്ങും പ്രത്യേക നിര്‍ദേശപ്രകാരമുള്ളതാവണം. ഇതിന്‍െറ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ലീനിയര്‍ ആക്സിലറേറ്ററിന് ഭാഭ അറ്റോമിക് റിസര്‍ച് സെന്‍ററിന്‍െറ അംഗീകാരം ലഭിക്കാനുണ്ട്. അതിനുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇംഹാന്‍സിന് മുന്‍വശത്തുള്ള ഒന്നര ഏക്കറിലേറെ സ്ഥലത്തായാണ് മൂന്നുനില കാന്‍സര്‍ സെന്‍റര്‍ വരുന്നത്. ആധുനിക ഉപകരണങ്ങള്‍ സഹിതമുള്ള കാന്‍സര്‍ സെന്‍ററാണിത്. ഹൈ എനര്‍ജി ലീനിയര്‍ ആക്സിലറേറ്റര്‍, ഡേകെയര്‍ കീമോതെറപ്പി ഉപകരണങ്ങള്‍, കാന്‍സര്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍, മോഡുലാര്‍ ശസ്ത്രക്രിയ തിയറ്റര്‍, ഫുള്ളി ഓട്ടോമേറ്റഡ് ബയോകെമിക്കല്‍ അനലൈസര്‍, സി.ടി സ്കാന്‍ വെര്‍ച്ചല്‍ സ്റ്റിമുലേറ്റര്‍ തുടങ്ങിയവയാണ് പദ്ധതിയിലുള്‍ക്കൊള്ളുന്നത്. 44.5 കോടി രൂപയുടെ പദ്ധതിയാണ് ത്രിതല കാന്‍സര്‍ സെന്‍റര്‍. 32.5 കോടി കേന്ദ്ര സര്‍ക്കാറും 12 കോടി സംസ്ഥാന സര്‍ക്കാറുമാണ് ചെലവിടുക. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടിന്‍െറ ആദ്യ ഗഡുവായ 25 കോടി രൂപയാണ് ഇപ്പോള്‍ ലഭിച്ചത്. ത്രിതല കാന്‍സര്‍ സെന്‍റര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്പെക്ട് ഗാമ കാമറക്ക് 5.3 കോടി രൂപക്ക് ടെന്‍ഡറായിട്ടുണ്ട്. ജി.ഇ വിപ്രോ എന്ന കമ്പനിക്കാണ് ടെന്‍ഡര്‍ ലഭിച്ചത്. പഴയ കാന്‍സര്‍ സെന്‍ററിലാണ് ഗാമ കാമറ സ്ഥാപിക്കുന്നത്. എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്‍െറ മേല്‍നോട്ടത്തിലാണ് കരാര്‍ നടപടികള്‍ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.