കോഴിക്കോട്: രേഖകളില്ലാതെ കടത്തിയ 21 ലക്ഷം രൂപകൂടി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക സ്ക്വാഡുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പിടിച്ചെടുത്തു. പേരാമ്പ്ര, കുന്ദമംഗലം, എലത്തൂര്‍ മണ്ഡലങ്ങളിലാണ് പണം പിടികൂടിയത്. പേരാമ്പ്ര മണ്ഡലത്തിലാണ് ഏറ്റവും വലിയ പണംവേട്ട നടന്നത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഇവിടെനിന്ന് 14 ലക്ഷം രൂപ പിടികൂടി. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് സന്തോഷ്കുമാര്‍, എ.എസ്.ഐ ദിവാകരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അബ്ദുല്‍ റഹ്മാന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ദിലീപ്കുമാര്‍, അശോകന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഫ്ളയിങ് സ്ക്വാഡാണ് പണം പിടികൂടിയത്. കുന്ദമംഗലം മണ്ഡലത്തില്‍ മാവൂരിനു സമീപം പരിശോധന നടത്തവെ, സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീം അഞ്ചു ലക്ഷം രൂപയാണ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ജൂനിയര്‍ സൂപ്രണ്ട് ജയകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിനോദ്, സിവില്‍ പൊലീസ് ഓഫിസര്‍ ഷാജി, മന്‍സൂര്‍ എന്നിവര്‍ സംഘത്തിന് നേതൃത്വം നല്‍കി. എലത്തൂര്‍ മണ്ഡലത്തിലായിരുന്നു മറ്റൊരു പണംവേട്ട. വൈകീട്ട് മൂന്നരയോടെ ഫ്ളയിങ് സ്ക്വാഡ് ഇവിടെനിന്ന് 2.25 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് സുബൈര്‍, ഗ്രേഡ് എസ്.ഐ ദേവദാസന്‍, സി.പി.ഒമാരായ മഹേഷ്, ഷിബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇതോടെ ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ സ്ക്വാഡുകള്‍ പിടിച്ചെടുത്ത തുക 36 ലക്ഷം രൂപയിലേറെയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.