മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ അത്യാഹിതവിഭാഗം തിയറ്ററില്‍ അണുബാധ

കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ അടിയന്തര ഓപറേഷന്‍ തിയറ്ററില്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് അണുബാധയേല്‍ക്കുന്നതായി പരാതി. കഴിഞ്ഞയാഴ്ച സിസേറിയന്‍ കഴിഞ്ഞ യുവതി മരിച്ചത് അണുബാധയേറ്റാണെന്നും ആക്ഷേപമുണ്ട്. രണ്ടു അത്യാഹിതവിഭാഗം തിയറ്ററാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തിലുള്ളത്. രണ്ടെണ്ണത്തിലും മാസങ്ങളായി എ.സി പ്രവര്‍ത്തിക്കുന്നില്ല. കഠിനമായ ചൂടും എ.സിയില്ലാത്തതുമാണ് അണുബാധയേല്‍ക്കാന്‍ പ്രധാനകാരണം. 23 വയസ്സുകാരിയാണ് സിസേറിയനുശേഷം പഴുപ്പ് അധികമായി മരിച്ചത്. എന്നാല്‍, ആശുപത്രി അധികൃതര്‍ ഇക്കാര്യം മറച്ചുവെക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ സ്ത്രീയാണ് മരണപ്പെടുന്നത്. ഈ സ്ത്രീയും അണുബാധയേറ്റാണ് മരിച്ചതെന്നും ആരോപണമുണ്ട്. സിസേറിയന്‍ കഴിഞ്ഞു കിടക്കുന്ന രോഗികള്‍ക്ക് ഒട്ടും അണുബാധയേല്‍ക്കാന്‍ പാടില്ല. പലര്‍ക്കും അണുബാധയേറ്റ് പഴുപ്പ് കൂടുകയും ശസ്ത്രക്രിയക്ക് ശേഷമുള്ള തുന്നലുകള്‍ പഴുത്ത് പൊട്ടുന്നതായുമുള്ള നിരവധി പരാതികളുയരുന്നുണ്ട്. പനി ബാധിക്കുകയും സ്ഥിതി വഷളാകുന്നതും പതിവാണ്. ഒന്നര-രണ്ടുമണിക്കൂറോളമാണ് സിസേറിയന് ഡോക്ടര്‍മാരും നഴ്സുമാരും തിയറ്ററില്‍ നില്‍ക്കുന്നത്. എ.സിയില്ലാത്തതിനാല്‍ ഡോക്ടര്‍മാരും നഴ്സുമാരും ഈ സമയത്തിനുള്ളില്‍ വിയര്‍ത്തൊലിക്കും. ഇത് അണുബാധക്ക് കാരണമാകും. എ.സി കേടാവുന്നത് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെങ്കിലും വേണ്ട നടപടിയെടുത്തിട്ടില്ല. ഗര്‍ഭിണികളുടെ കൂട്ടിരിപ്പുകാരും നിരവധിതവണ ഇതിനെക്കുറിച്ച് പരാതിനല്‍കിയിട്ടുണ്ട്. സ്വകാര്യാശുപത്രികളിലെ കഴുത്തറപ്പന്‍ ഫീസും മറ്റും താങ്ങാന്‍കഴിയാത്ത സാധാരണക്കാരായ സ്ത്രീകളാണ് മെഡിക്കല്‍ കോളജില്‍ പ്രസവത്തിനെ്ത്തുന്നത്. പുതിയ അടിയന്തര ഓപറേഷന്‍ തിയറ്റിന്‍െറ ഉദ്ഘാടനം കഴിഞ്ഞദിവസമാണ് നടന്നത്. അടുത്തയാഴ്ചതന്നെ തിയറ്റര്‍ തുറന്നുകൊടുക്കുമെന്ന് മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. എം.കെ. മോഹന്‍കുമാര്‍ പറഞ്ഞു. മൈക്രോ ബയോളജി വിഭാഗത്തിന്‍െറ പരിശോധന കൂടിയാണ് ഇനി ബാക്കിയുള്ളത്. അതിനുശേഷം ഓപറേഷന്‍ തിയറ്റര്‍ തുറന്നുകൊടുക്കും. അണുബാധയേറ്റ് യുവതിമരിച്ചെന്ന ആരോപണം അന്വേഷിക്കുമെന്നും എ.സിയില്ലാത്ത പ്രശ്നമുണ്ടെങ്കില്‍ മേജര്‍ ഓപറേഷന്‍ തിയറ്ററില്‍ ഒന്നുപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.