സുഭിക്ഷ ക്രമക്കേട് അന്വേഷിക്കണം

പേരാമ്പ്ര: സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയില്‍ നടന്ന ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്താന്‍ ലോകായുക്ത കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി ദിനേന്ദ്ര കശ്യപിന് നിര്‍ദേശം നല്‍കി. ആര്‍.എം.പി പേരാമ്പ്ര ഏരിയാ സെക്രട്ടറി എം.കെ. മുരളീധരന്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് അന്വേഷണ ഉത്തരവിട്ടത്. സുഭിക്ഷ ചെയര്‍മാനും ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമായ എം. കുഞ്ഞമ്മദ് ഒന്നാം എതിര്‍ കക്ഷിയും അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ. ജോസ് രണ്ടാം എതിര്‍കക്ഷിയുമാണ്. കേന്ദ്രാവിഷ്കൃത ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ സുഭിക്ഷ പ്രോജക്ടിന്‍െറ നിര്‍വഹണാനന്തര പ്രവര്‍ത്തനങ്ങളും ആസ്തികളും സുഭിക്ഷ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി സ്വന്തമാക്കിയെന്നും അതിനുവേണ്ടി ടി.കെ. ജോസ് 2006ല്‍ തെറ്റായ സര്‍ക്കാര്‍ ഉത്തരവ് നല്‍കി സ്വകാര്യ കമ്പനിയെ സഹായിച്ചെന്നും പരാതിയില്‍ പറയുന്നു. സ്വകാര്യ കമ്പനിയിലേക്ക് പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വാങ്ങിയ എം. കുഞ്ഞമ്മദ് സര്‍ക്കാറിനെ കബളിപ്പിച്ചതായും പരാതിയിലുണ്ട്. സംസ്ഥാന സര്‍ക്കാറിന്‍െറ സുഭിക്ഷ സ്പെഷല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പെടെ 430 പേജുകള്‍ ഉള്ള 17 രേഖകളും പരാതിക്കാരന്‍ ലോകായുക്തയില്‍ ഹാജരാക്കിയിട്ടുണ്ട്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയ ഏഴ് ഓഡിറ്റര്‍മാര്‍, ബ്ളോക് പഞ്ചായത്ത് അംഗം വി. ആലീസ് മാത്യു, ഡി.സി.സി അംഗം വി.ബി. രാജേഷ് എന്നിവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഡ്വ. പി. കുമാരന്‍ കുട്ടിയാണ് സത്യവാങ് മൂലം സമര്‍പ്പിച്ചത്.പേരാമ്പ്ര ബ്ളോക് പഞ്ചായത്ത് താലൂക്കാശുപത്രിയില്‍ ആരംഭിച്ച ഡയാലിസിസ് സെന്‍ററിന്‍െറ ആസ്തികളും നടത്തിപ്പും ബ്ളോക് പ്രസിഡന്‍റ് ചെയര്‍മാനായ സ്വകാര്യ ട്രസ്റ്റ് കൈവശപ്പെടുത്തിയെന്ന പരാതിയിലും ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.