45 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍

കോഴിക്കോട്: ഒയാസിസ് കോമ്പൗണ്ടിനുള്ളിലെ ബേബി ബസാറിലെ ‘മെഹറുബ’ ഫാന്‍സി കടയില്‍നിന്ന് 45 ലക്ഷം രൂപ മോഷണം നടത്തിയ മൂന്നു പ്രതികളെ സൗത് അസി. കമീഷണര്‍ എ.ജെ. ബാബുവിന്‍െറ നേതൃത്വത്തില്‍ ടൗണ്‍ സി.ഐ ടി.കെ. അഷ്റഫ് അറസ്റ്റ് ചെയ്തു. മെഹറുബ ഫാന്‍സി കടയിലെ ജീവനക്കാരനായ ബേപ്പൂര്‍ സ്വദേശി നടുവട്ടം കളത്തില്‍ കോളനിയില്‍ റമീസ് (31), നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരായ കുണ്ടായിത്തോട് സ്വദേശി പാട്ടത്തില്‍ ഹൗസില്‍ പി. അനില്‍ (34), നീലഗിരി സ്വദേശി പിതൃക്കാട് മുതിരക്കൊല്ലി വി. ഷൈജു എന്ന രാജു (31) എന്നിവരാണ് പിടിയിലായത്. സമറൂദ് മണി എക്സ്ചേഞ്ച് ഇടപാട് സ്ഥാപനത്തിന്‍െറ ഉടമയായ നിസാം ഫാന്‍സി കടയുടമയുടെ കൈവശം സൂക്ഷിക്കാന്‍ കൊടുത്ത പണമാണ് നഷ്ടപ്പെട്ടത്. ബലിപെരുന്നാളിന്‍െറ കട അവധി ദിവസമാണ് സംഭവം. പെരുന്നാള്‍ കഴിഞ്ഞ് ഷോപ് തുറന്നപ്പോഴാണ് കളവുനടന്ന വിവരമറിയുന്നതും കടയുടമ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയതും. സംഭവസ്ഥലം സന്ദര്‍ശിച്ച സിറ്റി പൊലീസ് കമീഷണര്‍ പി.എ. വത്സന്‍, ഡെപ്യൂട്ടി കമീഷണര്‍ ഡി. സാലി എന്നിവരുടെ നിര്‍ദേശപ്രകാരം സൗത് അസി. കമീഷണര്‍ എ.ജെ. ബാബുവിന്‍െറ നേതൃത്വത്തില്‍ ടൗണ്‍ സി.ഐ, ടൗണ്‍ എസ്.ഐ, സിറ്റി ക്രൈം സ്ക്വാഡ് എന്നിവരെ ചേര്‍ത്ത് സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്. സിറ്റിയിലെ ലോഡ്ജുകളില്‍ താമസിച്ചവരെപ്പറ്റിയും സിറ്റിയിലെ പൊലീസ് കാമറകള്‍ നിരീക്ഷിച്ചും രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് മറ്റും ഓട്ടോ വിളിച്ച യാത്രക്കാരെപ്പറ്റിയും പൊലീസ് അന്വേഷിച്ചിരുന്നു. സംഭവത്തില്‍ കടയിലെ ജീവനക്കാരെ ചോദ്യം ചെയ്തതില്‍ അതില്‍ ഒരാള്‍ക്ക് പങ്കുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ്, ജീവനക്കാരായ റമീസിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തുമ്പുണ്ടാകുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. സംഭവം നടന്ന് വയനാട് ഭാഗത്തേക്ക് മുങ്ങിയ രണ്ടു പ്രതികളെ പൊലീസ് വളരെ തന്ത്രപരമായി റമീസിനെക്കൊണ്ട് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കടയിലെ ജീവനക്കാരായ റമീസാണ് മോഷണത്തിന്‍െറ സൂത്രധാരന്‍. പെരുന്നാളിന്‍െറ തലേദിവസം സമറൂദ് മണി എക്സ്ചേഞ്ച് ഉടമ നിസാം മെഹറൂബ ഫാന്‍സി ഉടമ ഷാഹുല്‍ റഫീഖിന്‍െറ ഷോപ്പില്‍ പണം കൊണ്ടുവെച്ച വിവരം റമീസ് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് വളരെ തന്ത്രപരമായി ഷോപ് അടക്കുന്നതിനു മുമ്പ് ഷോപ്പിന്‍െറ മുകള്‍ഭാഗത്തെ പൈ്ളവുഡിന്‍െറ ആണികള്‍ ഇളക്കിവെച്ചു. പെരുന്നാള്‍ ദിവസം രാവിലെ നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരായ അനിയെയും ഷൈജുവിനെയും നടുവട്ടം ഭാഗത്തേക്ക് വിളിച്ചുവരുത്തി മോഷണത്തിന്‍െറ പ്ളാന്‍ തയാറാക്കി. കട നില്‍ക്കുന്ന സ്ഥലത്തെക്കുറിച്ചും കടയിലേക്ക് പ്രവേശിക്കാനുള്ള വഴിയുടെയും സ്കെച്ച് റമീസ് തയാറാക്കിക്കൊടുത്തു. പെരുന്നാള്‍ ദിവസം രാത്രി അനിലും ഷൈജുവും കുറച്ച് സമയം ഓട്ടോ ഓടിയതിനുശേഷം റമീസിന്‍െറ ഫോണ്‍ കാള്‍ അനുസരിച്ച് ഫാന്‍സി കടയുടെ പിന്‍ഭാഗത്തെ ഗോവണി വഴി ഉള്ളില്‍ പ്രവേശിച്ച് നേരത്തേ ഇളക്കിവെച്ച പൈ്ളവുഡ് പൊട്ടിച്ച് ഷോപ്പില്‍ കടന്ന് മേശയില്‍വെച്ചിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. പിറ്റേദിവസം മൂന്നു പേരും പണം വീതിച്ച് എടുത്തതിനുശേഷം റമീസ് പെരുന്നാള്‍ കഴിഞ്ഞ് സാധാരണപോലെ ജോലിക്ക് വന്നു. ഇയാളുടെ നിര്‍ദേശപ്രകാരം അനിലും ഷൈജുവും പിന്നീട് വയനാട്ടില്‍ റൂമെടുത്ത് മാറിനിന്നു. ആക്സസ് ബൈക്കില്‍ സൂക്ഷിച്ച 44,89,300 രൂപയും ബൈക്കും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ മൂന്നു പേരും ആദ്യമായി കേസില്‍ ഉള്‍പ്പെട്ടവരാണ്. അന്വേഷണസംഘത്തില്‍ ടൗണ്‍ എസ്.ഐ കെ.എസ്. സുബീഷ്മോന്‍, എസ്.ഐ എ.കെ. പ്രിയന്‍ബാബു, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ കെ.പി. സെയ്ലതലവി, സീനിയര്‍ സി.പി.ഒ ടി.പി. ബിജു, സി.പി.ഒമാരായ കെ.ആര്‍. രാജേഷ്, അനീഷ് മൂസേന്‍വീട്, കെ.പി. ഷജുല്‍ എന്നിവര്‍ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.