വില്‍പനനികുതി വിഭാഗത്തിന്‍െറ കസ്റ്റഡിയില്‍നിന്ന് ലോറി മോഷ്ടിച്ച പ്രതി പിടിയില്‍

കോഴിക്കോട്: വില്‍പനനികുതി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ലോറി തട്ടിയെടുത്ത് ചരക്കുകള്‍ മാറ്റിയ കേസില്‍ രാജസ്ഥാന്‍ സ്വദേശിയെ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം നികുതി വെട്ടിച്ച് ഇലക്ട്രോണിക്സ് സാധനങ്ങള്‍ കൊണ്ടുവന്നതിന് കസ്റ്റഡിയിലെടുത്ത ലോറി മോഷ്ടിച്ച് ചരക്കുകള്‍ ഗോഡൗണിലേക്ക് മാറ്റിയശേഷം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ഷെയ്താന്‍ സിങ് എന്നയാളെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദില്‍നിന്നുവന്ന ലോറി വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് പി.എം താജ് റോഡില്‍ സംശയാസ്പദ സാഹചര്യത്തില്‍ വില്‍പനനികുതി ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഡ്രൈവറെയും പിടികൂടിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ ഡ്രൈവറുടെ സഹായത്തോടെയാണ് എരഞ്ഞിപ്പാലത്തെ വാണിജ്യനികുതി ഓഫിസ് പരിസരത്തുനിന്ന് ഷെയ്താന്‍ സിങ് ലോറി മോഷ്ടിച്ചത്. സാധനങ്ങള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയശേഷം രഹസ്യ ഗോഡൗണിലത്തെിച്ച് ലോറി ബൈപാസില്‍ ഉപേക്ഷിക്കുകയായിരുന്നു. ശനിയാഴ്ച പകല്‍ 12ഓടെയാണ് ഷെയ്താന്‍ സിങ്ങിനെ പിടികൂടിയത്. ഗോഡൗണിലേക്ക് മാറ്റിയ സാധനങ്ങളും കണ്ടെടുത്തു. നടക്കാവ് എസ്.ഐ ജി. ഗോപ കുമാറിന്‍െറ നേതൃത്വത്തില്‍ അഡീഷനല്‍ എസ്.ഐ രാജേന്ദ്രന്‍, എസ്.ഐമാരായ ആനന്ദന്‍, വേണുഗോപാല്‍, എ.എസ്.ഐമാരായ കെ. ശ്രീനിവാസന്‍, എ. അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷെബീര്‍, രാജു എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.