ബസ് ജീവനക്കാര്‍ക്ക് മര്‍ദനം: പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

വടകര: ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ ശനിയാഴ്ച തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കാറിന് സൈഡ് കൊടുത്തില്ളെന്നാരോപിച്ച് ഒരുസംഘമാളുകള്‍ ഓര്‍ക്കാട്ടേരി ഒ.പി.കെ ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ ആക്രമിച്ചത്. പ്രതികള്‍ക്കെതിരെ രാത്രിതന്നെ പൊലീസ് ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത് വധശ്രമത്തിന് കേസെടുക്കുകയും ഇവര്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഉടന്‍ പ്രതികളെ പിടികൂടണമെന്നും അല്ലാത്തപക്ഷം അനിശ്ചിതകാല സമരം നടത്തുമെന്നും സംയുക്ത തൊഴിലാളി യൂനിയന്‍ തുടര്‍ന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍, യൂനിയനുകളുടെ അഭിപ്രായം മാനിക്കാതെ ശനിയാഴ്ച തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ജീപ്പ് സര്‍വിസ് മാത്രമാണ് അല്‍പമെങ്കിലും ആശ്വാസമായത്. അക്രമത്തില്‍ പരിക്കേറ്റ വടകര-തൊട്ടില്‍പ്പാലം റൂട്ടിലോടുന്ന സുപ്രീം ബസിലെ ഡ്രൈവര്‍ വളയം മാരാം വീട്ടില്‍ ദീപേഷ്, കണ്ടക്ടര്‍ നരിപ്പറ്റ എടത്തില്‍ പ്രദീപ് കുമാര്‍, ക്ളീനര്‍ വാണിമേല്‍ കോടിയോട്ട് എകരംപറമ്പത്ത് വിനീഷ് എന്നിവര്‍ വടകര ജില്ലാ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച നടത്തിയ മിന്നല്‍ പണിമുടക്കുമായി ബന്ധമില്ളെന്നും എന്നാല്‍, പ്രതികളെ അറസ്റ്റ് ചെയ്യാത്തപക്ഷം ഞായറാഴ്ച മുതല്‍ വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ പണിമുടക്ക് നടത്തുമെന്നും തൊഴിലാളി യൂനിയനുകള്‍ അറിയിച്ചു. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ ഉടന്‍ വലയിലാവുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ 10 പേര്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂനിയന്‍ യോഗത്തില്‍ എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഇ. നാരായണന്‍, കെ.വി. രാമചന്ദ്രന്‍, എ. സതീശന്‍, എരത്തില്‍ രവി, പി.ടി. സുധാകരന്‍, പുത്തൂര്‍ അശോകന്‍, നാരായണനഗരം പത്മനാഭന്‍, വി.ആര്‍. രമേശ്, മീനത്ത് മൊയ്തു, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.