പരിസ്ഥിതി ദുര്‍ബലപ്രദേശത്തെ ഖനനം: ലക്ഷങ്ങളുടെ അഴിമതിയെന്ന് സൂചന

വാണിമേല്‍: പരിസ്ഥിതി ദുര്‍ബലപ്രദേശമായ വിലങ്ങാട് മലയോരത്ത് വന്‍കിട ഖനനത്തിന് അനുമതി ലഭിക്കാന്‍ ഖനന മാഫിയ ലക്ഷങ്ങള്‍ മുടക്കിയതായി സൂചന. ഉരുട്ടികുന്നിലും ഉടുമ്പിറങ്ങിമലയിലുമുള്ള ഖനനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ തിടുക്കത്തില്‍ അനുമതി നല്‍കാനുള്ള ഗ്രാമപഞ്ചായത്ത് നീക്കമാണ് സംശയത്തിനിടയാക്കിയിട്ടുള്ളത്. ഉടുമ്പിറങ്ങിമലയില്‍ 50 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കുന്നിന്‍മുകളിലാണ് ഖനനത്തിനുള്ള പശ്ചാത്തല സൗകര്യമൊരുക്കി അനുമതിക്കായി കാത്തുകിടക്കുന്നത്. എക്സ്പ്ളോസീവ്, ജിയോളജി ഉള്‍പ്പെടെയുള്ള ലൈസന്‍സുകള്‍ നേരത്തെതന്നെ ഇവ കരസ്ഥമാക്കിയിരുന്നു. 12 സെന്‍റ് ഭൂമിയില്‍നിന്ന് ഖനനം നടത്താനുള്ള അനുമതിക്കാണ് അപേക്ഷ നല്‍കിയത്. ഉരുട്ടികുന്നില്‍ 10 ഏക്കറോളം വരുന്ന ഭൂമിയിലുള്ള ഖനനം പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. അഞ്ചുവര്‍ഷത്തോളം ചെറുകിട ഖനനം എന്ന പേരില്‍ ഇവിടെ കരിങ്കല്‍ ഖനനം നടന്നിരുന്നു. ഉരുട്ടിയിലേത് ചെറുകിട ഖനനമെന്ന നിലപാടിലായിരുന്നു സി.പി.എം. അടുത്തകാലത്തായിട്ടാണ് ഉടുമ്പിറങ്ങിമലയില്‍ ഖനനത്തിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചത്. ടി.വി. രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഖനനകേന്ദ്രം തകര്‍ത്തതോടെ ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നിലക്കുകയായിരുന്നു. ഖനനത്തിനായി ലക്ഷങ്ങള്‍ മുടക്കിയുണ്ടാക്കിയ സാമഗ്രികള്‍ തകര്‍ത്തെങ്കിലും ഉടമകള്‍ പരാതിപോലും നല്‍കാതെ ഖനനത്തിന് അനുകൂല സാഹചര്യം ഒരുക്കുകയായിരുന്നു. അനുമതി ലഭിക്കാന്‍ ലക്ഷങ്ങളുടെ പണമിടപാടുകള്‍ അണിയറയില്‍ നടന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലീഗ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അടക്കം വന്‍തുക വാങ്ങി അനുമതി നല്‍കാനുള്ള തീരുമാനം മുമ്പേതന്നെ എടുത്തുകഴിഞ്ഞതായി യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ അഷ്റഫ് കൊറ്റാലയുടെ നേതൃത്വത്തില്‍ ഖനനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. സി.പി.എം അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സമിതി ഖനനത്തിന് പച്ചക്കൊടി കാട്ടിയതായാണ് ഭരണകക്ഷിയുടെ വാദം. ഇതിനിടെ ഖനനത്തിന് അനുമതി ലഭിക്കാന്‍ പണം നല്‍കിയെന്ന് വാര്‍ഡ് യോഗത്തില്‍ ചിലര്‍ ഉന്നയിച്ചത് ചൂടുള്ള ചര്‍ച്ചയായിട്ടുണ്ട്. വ്യാഴാഴ്ച ഖനനം സംബന്ധിച്ച് ഭരണസമിതി അജണ്ട ചര്‍ച്ചക്കെടുക്കുമ്പോള്‍ ഡി.വൈ.എഫ്.ഐ ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തും. വിലങ്ങാട് മിനി ജലവൈദ്യുതി പദ്ധതിയെ അടക്കം ബാധിക്കുന്ന ഖനനത്തിന് അനുമതി നല്‍കാന്‍ ഗ്രാമപഞ്ചായത്ത് നിയോഗിച്ച ഉപസമിതി ഏതു മാനദണ്ഡമാണ് സ്വീകരിച്ചതെന്ന് വിശദമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.