ആര്‍ക്കും കൈയേറാം, ആരും ചോദിക്കില്ല; ഇത് പെരുമണ്ണ റോഡ്

പന്തീരാങ്കാവ്: ഓവുചാലും പാര്‍ക്കിങ് സ്ഥലവും കൈയേറി പെരുമണ്ണയിലെ കടകള്‍ റോഡിലേക്ക് ‘വളരുമ്പോഴും’ അധികൃതര്‍ക്ക് മൗനം. പെരുമണ്ണയിലെ പഴയ റോഡിലാണ് നിയമത്തെ വെല്ലുവിളിച്ച് അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നത്. പെരുമണ്ണ അങ്ങാടിക്ക് സമാന്തരമായി ബൈപാസ് റോഡ് തുറന്നതോടെയാണ് പഴയ റോഡില്‍ കൈയേറ്റം വര്‍ധിച്ചത്. നേരത്തെ ഇരുഭാഗത്തും ഓവുചാലും ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പരിമിതമായെങ്കിലും സൗകര്യവുമുണ്ടായിരുന്ന റോഡിലെ ഈ സ്ഥലം മുഴുവന്‍ ഇപ്പോള്‍ കട വികസിച്ച് നഷ്ടമായിട്ടുണ്ട്. റോഡിനും കടകള്‍ക്കുമിടയിലെ സ്ഥലം മുഴുവന്‍ കവര്‍ന്ന് കെട്ടിടങ്ങളുടെ മുന്‍ഭാഗം ഉടമകള്‍ റോഡിലേക്ക് കെട്ടിയെടുക്കുകയാണ്. ബൈപാസ് നിര്‍മിക്കുംമുമ്പ്, പെരുമണ്ണ അങ്ങാടിയിലെ റോഡ് വികസിപ്പിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു. ഉടമകളില്‍ ചിലര്‍ പ്രതിഷേധമുയര്‍ത്തിയതോടെയാണ് ഈ ശ്രമം ഉപേക്ഷിച്ചത്. തുടര്‍ന്ന് പുതിയ ബൈപാസ് പണിതതോടെ പഴയ റോഡ് അധികൃതര്‍ ശ്രദ്ധിക്കാതായി. ഇത് കൈയേറ്റക്കാര്‍ക്ക് സഹായകവുമായി.ബൈപാസ് തുറന്നതോടെ പഴയ റോഡിലൂടെ വണ്‍വേ അടിസ്ഥാനത്തിലാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. എന്നിട്ടും മിക്ക സമയത്തും റോഡില്‍ ഗതാഗതതടസ്സമുണ്ട്. പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ ബൈക്കുകളും മറ്റു ചെറിയ വാഹനങ്ങളും റോഡില്‍തന്നെ നിര്‍ത്തിയിടുന്നതാണ് കാരണം. പഴയ റോഡിനൊപ്പം ബൈപാസിലും സമീപത്തുമുള്ള ചില കെട്ടിടങ്ങളും അനധികൃത നിര്‍മാണം നടത്തുന്നുണ്ട്. ഗ്രാമപഞ്ചായത്തില്‍നിന്ന് അനുമതി ലഭിച്ച പ്ളാനില്‍ മാറ്റങ്ങള്‍ വരുത്തിയാണ് കൂട്ടിച്ചേര്‍ക്കലുകള്‍. അധികൃതരുടെ മൂക്കിനു താഴെ നടക്കുന്ന ഈ കൈയേറ്റങ്ങള്‍ക്കെതിരെ ഒരു നടപടിയുമെടുക്കുന്നില്ളെന്ന ആക്ഷേപം ശക്തമാണ്. നേരത്തെ പ്രശ്നം ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ ചര്‍ച്ച ചെയ്തിരുന്നു. കൈയേറ്റക്കാര്‍ക്കും അനധികൃത നിര്‍മാണക്കാര്‍ക്കും നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. പകല്‍വെളിച്ചത്തില്‍പോലും റോഡ് കൈയേറി കോണ്‍ക്രീറ്റിട്ട് മേല്‍ക്കൂരയും ടൈലും പാകി കട വികസിപ്പിക്കുമ്പോഴും ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ മൗനം പാലിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.